സിഡ്നി: സിഡ്നിയിലെ തെക്കുപടിഞ്ഞാറൻ മേഖലയായ ക്യാംപ്സിയിൽ നിയന്ത്രണം വിട്ട കാർ ഹെയർ സലൂണിലേക്ക് ഇടിച്ചുകയറി തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ബീമിഷ് സ്ട്രീറ്റിലെ ‘ഹീര ഹെയർ’ സലൂണിലേക്കാണ് നിസ്സാൻ ഹാച്ച്ബാക്ക് കാർ അതിവേഗത്തിൽ പാഞ്ഞുകയറിയത്. കടയുടെ ഉള്ളിലേക്ക് ഇരച്ചുകയറിയ കാർ നിമിഷങ്ങൾക്കകം പൊട്ടിത്തെറിക്കുകയും കടയ്ക്കുള്ളിലാകെ തീ പടരുകയും ചെയ്തു. വൻ പുകപടലങ്ങൾ തെരുവിലേക്ക് വ്യാപിച്ചത് പ്രദേശത്ത് പരിഭ്രാന്തി പരത്തി.
കടയുടെ പിൻഭാഗത്തെ ഭിത്തി തുളച്ച നിലയിലായിരുന്നു കാർ കിടന്നിരുന്നത്. വലിയ സ്ഫോടന ശബ്ദം കേട്ടാണ് ഓടിക്കൂടിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കാർ ഓടിച്ചിരുന്ന നാൽപ്പതുകാരനെ രണ്ട് സിവിൽ പോലീസ് ഉദ്യോഗസ്ഥർ ചേർന്നാണ് സാഹസികമായി പുറത്തെത്തിച്ചത്. ഇദ്ദേഹത്തെ നിലവിൽ റോയൽ പ്രിൻസ് ആൽഫ്രഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടസമയത്ത് കടയിലുണ്ടായിരുന്ന നാൽപ്പത് വയസ്സുകാരും ജീവനക്കാരുമായ രണ്ട് സ്ത്രീകൾക്കും പരിക്കേറ്റു. ഇവരെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
മുപ്പതോളം അഗ്നിശമന സേനാ അംഗങ്ങൾ മണിക്കൂറുകൾ പ്രയത്നിച്ചാണ് തീയണച്ചത്. വലിയൊരു ദുരന്തമാണ് ഒഴിവായതെന്ന് ന്യൂ സൗത്ത് വെയ്ൽസ് ആംബുലൻസ് വിഭാഗം വ്യക്തമാക്കി. അപകടസമയത്ത് കടയുടെ മുൻഭാഗത്ത് കൂടുതൽ ഉപഭോക്താക്കൾ ഇല്ലാതിരുന്നതാണ് പരിക്കേറ്റവരുടെ എണ്ണം കുറയാൻ കാരണമായതെന്ന് കടയുടമ പറഞ്ഞു. 15 വർഷമായി ക്യാംപ്സിയിൽ പ്രവർത്തിക്കുന്ന സ്ഥാപനം നിലവിൽ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും ഈ അപകടം വലിയൊരു ആഘാതമാണെന്നും ഉടമയുടെ മകൾ കൂട്ടിച്ചേർത്തു.
കാർ നിർത്തിയിട്ടിരിക്കുകയായിരുന്നുവെന്നും എന്നാൽ പെട്ടെന്ന് എന്തിനാണ് ഷോപ്പിലേക്ക് ഇരച്ചുകയറിയതെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും ഫയർ ആൻഡ് റെസ്ക്യൂ ഇൻസ്പെക്ടർ റയാൻ ഷാനൻ പറഞ്ഞു. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ബീമിഷ് സ്ട്രീറ്റിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

