പ്രതിരോധ മേഖലയിൽ കൈകോർക്കാൻ ഇന്ത്യയും ജർമ്മനിയും; ബെർലിനിൽ ജർമ്മൻ പാർലമെന്ററി സമിതിയെ അഭിസംബോധന ചെയ്ത് രാജ്നാഥ് സിംഗ്

ബെർലിൻ: ആഗോള സുരക്ഷാ വെല്ലുവിളികൾ നേരിടുന്നതിന് ഇന്ത്യയും ജർമ്മനിയും പ്രതിരോധ വ്യാവസായിക മേഖലകളിൽ സഹകരണം ശക്തമാക്കണമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ആഹ്വാനം ചെയ്തു. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ജർമ്മനിയിലെത്തിയ അദ്ദേഹം, ബെർലിനിൽ ജർമ്മൻ പാർലമെന്ററി സമിതിയെ (Parliamentary Committee on Defence and Security) അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു.

‘ആത്മനിർഭർ ഭാരത്’ പദ്ധതിക്ക് കീഴിൽ പ്രതിരോധ ഉൽപ്പന്നങ്ങളുടെ സംയുക്ത രൂപകൽപ്പന (Co-creation), വികസനം (Co-development), നൂതന പരീക്ഷണങ്ങൾ (Co-innovation) എന്നിവയ്ക്കായി അദ്ദേഹം ജർമ്മൻ വ്യവസായ ഗ്രൂപ്പുകളെ ഇന്ത്യയിലേക്ക് ക്ഷണിച്ചു. മാറുന്ന ആഗോള സാഹചര്യത്തിൽ പ്രതിരോധ സാങ്കേതിക വിദ്യയിൽ പരസ്പരം സഹകരിക്കുന്നത് ഇരുരാജ്യങ്ങൾക്കും ഗുണകരമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പടിഞ്ഞാറൻ ഏഷ്യയിലെ സംഘർഷാവസ്ഥ ഇന്ത്യയുടെ സാമ്പത്തിക സുസ്ഥിതിയെയും ഊർജ്ജ സുരക്ഷയെയും നേരിട്ട് ബാധിക്കുമെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. പ്രത്യേകിച്ച് ഹോർമുസ് കടലിടുക്കിലുണ്ടാകുന്ന തടസ്സങ്ങൾ ഇന്ത്യയെ സംബന്ധിച്ചിടത്തോളം കേവലം വിദൂര സംഭവങ്ങളല്ല, മറിച്ച് നേരിട്ടുള്ള വെല്ലുവിളികളാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ലോകം നേരിടുന്ന പുതിയ സുരക്ഷാ ഭീഷണികളെ നേരിടാൻ കൂടുതൽ വിശ്വസ്തമായ തന്ത്രപ്രധാന പങ്കാളിത്തം അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സന്ദർശനത്തിന്റെ ഭാഗമായി ജർമ്മൻ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു ഇന്ത്യൻ പ്രതിരോധ മന്ത്രി ജർമ്മനി സന്ദർശിക്കുന്നത് എന്നത് ഈ യാത്രയുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. മുങ്ങിക്കപ്പലുകൾ ഉൾപ്പെടെയുള്ള അത്യാധുനിക പ്രതിരോധ പ്ലാറ്റ്‌ഫോമുകളുടെ നിർമ്മാണത്തിൽ ജർമ്മനിയുമായി കൂടുതൽ അടുക്കാൻ ഈ സന്ദർശനം വഴിയൊരുക്കുമെന്നാണ് കരുതപ്പെടുന്നത്

Leave a Reply

Your email address will not be published. Required fields are marked *