കാൻബറ: രാജ്യം നേരിടുന്ന ഇന്ധനക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് കൂടുതൽ ഡീസൽ എത്തിക്കുമെന്ന് പ്രധാനമന്ത്രി ആന്തണി ആൽബനീസ് അറിയിച്ചു. പ്രമുഖ ഇന്ധന കമ്പനികളായ ബിപി (BP), വിവ (Viva) എന്നിവർ രണ്ട് വീതം അധിക ചരക്കുകൾ ഉറപ്പാക്കിയിട്ടുണ്ട്. ആകെ 200 മില്യൺ ലിറ്റർ ഡീസലാണ് ഇത്തരത്തിൽ ഓസ്ട്രേലിയയിലേക്ക് എത്തുക.
എക്സ്പോർട്ട് ഫിനാൻസ് ഓസ്ട്രേലിയയുടെ (Export Finance Australia) സാമ്പത്തിക പിന്തുണയോടെയാണ് ഈ അധിക ഇന്ധനം വാങ്ങുന്നത്. മേയ് അവസാന വാരത്തിലോ ജൂൺ ആദ്യ വാരത്തിലോ ഈ കപ്പലുകൾ ഓസ്ട്രേലിയൻ തീരത്തെത്തും. ദക്ഷിണ കൊറിയയിൽ നിന്ന് രണ്ട് കപ്പലുകളും ബ്രൂണെ, മലേഷ്യ എന്നിവിടങ്ങളിൽ നിന്ന് ഓരോ കപ്പലുകളുമാണ് വരുന്നത്.
എൻ.ആർ.എം.എ (NRMA) യുടെ കണക്കുകൾ പ്രകാരം ഓസ്ട്രേലിയയിൽ പ്രതിദിനം ശരാശരി 93 മില്യൺ ലിറ്റർ ഡീസലാണ് ഉപയോഗിക്കുന്നത്. ഇതനുസരിച്ച് ഇപ്പോൾ പ്രഖ്യാപിച്ച 200 മില്യൺ ലിറ്റർ അധിക ഇന്ധനം ഏകദേശം രണ്ടര ദിവസത്തെ ഉപയോഗത്തിന് തുല്യമാണ്. എന്നാൽ, ഇത് നിലവിൽ കരാർ ഉറപ്പിച്ച ഇന്ധനത്തിന് പുറമെ ലഭിക്കുന്ന അധിക ശേഖരമാണെന്ന് പ്രധാനമന്ത്രി പ്രത്യേകം ഊന്നിപ്പറഞ്ഞു. ഇന്ധന, വളം വിതരണക്കാരുമായി ചേർന്ന് കൂടുതൽ ചരക്കുകൾ രാജ്യത്തെത്തിക്കാൻ സർക്കാർ ശ്രമം തുടരുകയാണെന്നും പ്രതിസന്ധി പരിഹരിക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

