മെൽബൺ: അൻസാക് ദിനത്തോടനുബന്ധിച്ച് വിക്ടോറിയയിൽ പൊതു അവധി പ്രഖ്യാപിക്കുന്നതിനെച്ചൊല്ലി ഭരണകൂടവും പ്രതിപക്ഷവും തമ്മിൽ തർക്കം മുറുകുന്നു. ഈ വർഷം അൻസാക് ദിനം ശനിയാഴ്ചയായതിനാൽ, തൊട്ടടുത്ത തിങ്കളാഴ്ച പൊതു അവധി നൽകേണ്ടതില്ലെന്ന ജസീന്ത അല്ലാൻ സർക്കാരിന്റെ തീരുമാനമാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. എന്നാൽ, സർക്കാർ പദ്ധതികളിൽ ജോലി ചെയ്യുന്ന നിർമ്മാണ തൊഴിലാളികൾക്ക് (Tradies) യൂണിയൻ കരാർ പ്രകാരം തിങ്കളാഴ്ച അവധി ലഭിക്കുമെന്നത് വിവേചനമാണെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്.
ഭൂരിഭാഗം വിക്ടോറിയൻ ജീവനക്കാരും തിങ്കളാഴ്ച ജോലിക്ക് ഹാജരാകേണ്ടി വരുമ്പോൾ, സി.എഫ്.എം.ഇ.യു (CFMEU) കരാറിലുള്ള നിർമ്മാണ തൊഴിലാളികൾക്ക് തിങ്കളാഴ്ച അവധിയായിരിക്കും. കൂടാതെ ചൊവ്വാഴ്ച ഇവർക്ക് മുൻകൂട്ടി നിശ്ചയിച്ച അവധി (Roster Day Off) കൂടിയായതിനാൽ തുടർച്ചയായ നാല് ദിവസത്തെ വിശ്രമമാണ് ഇവർക്ക് ലഭിക്കുക. പ്രമുഖ നിർമ്മാണ കമ്പനികളുമായുള്ള ദീർഘകാല കരാറിന്റെ ഭാഗമാണിതെന്ന് യൂണിയൻ വ്യക്തമാക്കി.
യൂണിയന്റെ ഈ അവകാശത്തെ പോലീസ് മന്ത്രി ആന്റണി കാർബൈൻസ് പിന്തുണച്ചു. കഠിനാധ്വാനം ചെയ്യുന്ന തൊഴിലാളികൾ ചർച്ചകളിലൂടെ നേടിയെടുത്ത ആനുകൂല്യങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും നിയമപരമായ കരാറുകളെ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, സംസ്ഥാനത്ത് രണ്ട് തരം നിയമങ്ങളാണോ നിലനിൽക്കുന്നതെന്ന് പൊതുജനങ്ങൾ ചോദിക്കുന്നു. ലേബർ സർക്കാരും സി.എഫ്.എം.ഇ.യുവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണ് ഇതെന്ന് ഷാഡോ ഇൻഫ്രാസ്ട്രക്ചർ മന്ത്രി ബ്രാഡ് റോസ്‌വെൽ കുറ്റപ്പെടുത്തി.
അടുത്ത വർഷം അൻസാക് ദിനം ഞായറാഴ്ചയാണ് വരുന്നത്. അന്നും നിർമ്മാണ തൊഴിലാളികൾക്ക് തിങ്കളാഴ്ച അവധി ലഭിക്കും. ന്യൂ സൗത്ത് വെയിൽസ്, വെസ്റ്റേൺ ഓസ്‌ട്രേലിയ തുടങ്ങിയ സംസ്ഥാനങ്ങൾ അൻസാക് ദിനം വാരാന്ത്യത്തിൽ വരുമ്പോൾ തിങ്കളാഴ്ച പൊതു അവധി നൽകാറുണ്ട്. എന്നാൽ, വിക്ടോറിയ സർക്കാർ ഈ നിലപാടിനോട് യോജിക്കുന്നില്ല. അൻസാക് ദിനം അത് വരുന്ന ദിവസം തന്നെ ആചരിക്കണമെന്നും വാരാന്ത്യങ്ങളിൽ വരുമ്പോൾ പകരമായി മറ്റൊരു ദിവസം അവധി നൽകുന്ന പതിവ് സംസ്ഥാനത്തിനില്ലെന്നും സർക്കാർ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.

