ക്യാൻബെറ: ഓസ്ട്രേലിയയിൽ ഉയർന്ന ജീവിതച്ചെലവുകൾക്കിടയിലും ആശ്വാസമായി ജിപി സന്ദർശനങ്ങൾ തികച്ചും സൗജന്യമാക്കുന്ന മെഡികെയർ ബൾക്ക് ബില്ലിംഗ് നിരക്കുകളിൽ വൻ വർദ്ധനവ്. കേന്ദ്ര ആരോഗ്യമന്ത്രി മാർക്ക് ബട്ലർ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2026 ജൂൺ പാദത്തിൽ ദേശീയ ബൾക്ക് ബില്ലിംഗ് നിരക്ക് 84.1 ശതമാനമായി ഉയർന്നതായി അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ വർഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് അഞ്ച് ശതമാനത്തോളമാണ് ഈ വർദ്ധനവ് രേഖപ്പെടുത്തിയത്.
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ടെറിട്ടറികളിലും ബൾക്ക് ബില്ലിംഗ് സൗകര്യങ്ങളിൽ വലിയ പുരോഗതി പ്രകടമാണ്. നോർത്തേൺ ടെറിട്ടറിയിൽ ബൾക്ക് ബില്ലിംഗ് നിരക്ക് 90.8 ശതമാനമായും, ന്യൂ സൗത്ത് വെയിൽസിൽ 87.5 ശതമാനമായും, വിക്ടോറിയയിൽ 85.7 ശതമാനമായും കുതിച്ചുയർന്നു.
ഓസ്ട്രേലിയയിലെ സാമ്പത്തിക ഞെരുക്കങ്ങൾക്കിടയിൽ ജിപി സന്ദർശനങ്ങൾക്ക് പണം നൽകേണ്ടിവരുന്നത് പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് വലിയ ബാധ്യതയായിരുന്നു. എന്നാൽ നിലവിൽ രാജ്യത്തുടനീളം 3,800-ലധികം ക്ലിനിക്കുകൾ പൂർണ്ണമായും ബൾക്ക് ബില്ലിംഗ് സംവിധാനത്തിലേക്ക് മാറിയത് വലിയ ആശ്വാസമാകുന്നു.16-നും 64-നും ഇടയിൽ പ്രായമുള്ള പ്രവൃത്തിപരിചയമുള്ളവരും വിദ്യാർത്ഥികളുമായ വിഭാഗത്തിലാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടായിരിക്കുന്നത്. അതായത്, ക്ലിനിക്കുകളിൽ ഡോക്ടറെ കാണുമ്പോൾ ക്രെഡിറ്റ് കാർഡിന് പകരം മെഡികെയർ കാർഡ് മാത്രം നൽകിയാൽ മതിയാകും. സർക്കാരിന്റെ പുതിയ സാമ്പത്തിക നയങ്ങളും പിന്തുണയുമാണ് മുൻപ് 75.6 ശതമാനത്തിലേക്ക് ഇടിഞ്ഞ ബൾക്ക് ബില്ലിംഗ് നിരക്കിനെ വീണ്ടും ഇത്രയും ഉയർന്ന തലത്തിലേക്ക് എത്തിച്ചത്.

