ക്യാൻബെറ: ഓസ്‌ട്രേലിയയിലെ കുടിയേറ്റ നിയമങ്ങളിലും വിസ ചട്ടങ്ങളിലും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാരും അധികൃതരും ഒരുങ്ങുന്നു. രാജ്യത്തെ കുടിയേറ്റ നിരക്കുകൾ മുൻ വർഷങ്ങളിലെ ഉയർന്ന തലത്തിൽ നിന്നും 45 ശതമാനത്തോളം കുറയ്ക്കാൻ സാധിച്ചതായി സർക്കാർ അവകാശപ്പെടുമ്പോഴും, വിദ്യാർത്ഥികളെയും താൽക്കാലിക വിസക്കാരെയും ലക്ഷ്യമിട്ട് പുതിയ നിയന്ത്രണങ്ങൾ നടപ്പിലാക്കാനാണ് തീരുമാനം.
ഓസ്‌ട്രേലിയൻ അസിസ്റ്റന്റ് ഇമ്മിഗ്രേഷൻ മിനിസ്റ്റർ മാറ്റ് തിസിൽത്‌വെയ്റ്റ് രാജ്യത്തെ കുടിയേറ്റ കണക്കുകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടു. പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ തള്ളിക്കളഞ്ഞ അദ്ദേഹം, കുടിയേറ്റ നിയന്ത്രണ നടപടികൾ ഫലം കാണുന്നുണ്ടെന്ന് വ്യക്തമാക്കി. എന്നാൽ നൈപുണ്യമുള്ള തൊഴിലാളികളെ രാജ്യത്ത് നിലനിർത്തുന്നതിനായി സ്ഥിര കുടിയേറ്റക്കാരുടെ എണ്ണം മുൻ വർഷത്തെപ്പോലെ തന്നെ 1,85,000 ആയി സർക്കാർ നിലനിർത്തിയിട്ടുണ്ട്. ആരോഗ്യ മേഖലയിലും നിർമ്മാണ മേഖലയിലുമുള്ള കടുത്ത തൊഴിൽ ക്ഷാമം പരിഹരിക്കുന്നതിനാണ് ഈ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, രാജ്യത്തെ ഭവന നിർമ്മാണ മേഖലയിലും മറ്റ് അടിസ്ഥാന സൗകര്യങ്ങളിലുമുള്ള കടുത്ത സമ്മർദ്ദം കുറയ്ക്കുന്നതിനായി വിദ്യാർത്ഥി വിസകളിലും താൽക്കാലിക വിസകളിലും വലിയ നിയന്ത്രണങ്ങൾ വരും ദിവസങ്ങളിൽ പ്രാബല്യത്തിൽ വരും. വിദ്യാർത്ഥികൾ തുടർച്ചയായി കോഴ്‌സുകൾ മാറി വിസ നീട്ടിയെടുക്കുന്ന പ്രവണതയും, പഠനത്തിനെത്തുന്നവർ കുടുംബാംഗങ്ങളെ രാജ്യത്തേക്ക് കൊണ്ടുപൂർണ്ണമായി കൊണ്ടുവരുന്ന രീതിയും കർശനമായി തടയുന്നതിനുള്ള പുതിയ നിയമങ്ങളാണ് തയാറാകുന്നത്.
ഹോം അഫയേഴ്‌സ് മന്ത്രി ടോണി ബർക്ക് പുതിയ കുടിയേറ്റ നയ പ്രഖ്യാപനം ഉടൻ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ കാബിനറ്റിന്റെ പരിഗണനയിലുള്ള ഈ പരിഷ്കാരങ്ങൾ ഓസ്‌ട്രേലിയയിലേക്ക് പഠനത്തിനും ജോലി ആവശ്യങ്ങൾക്കുമായി എത്താൻ ആഗ്രഹിക്കുന്ന ആയിരക്കണക്കിന് മലയാളി വിദ്യാർത്ഥികൾക്കും മറ്റ് ഉദ്യോഗാർത്ഥികൾക്കും നിർണ്ണായകമായേക്കും.

