സിഡ്നി: ഓസ്‌ട്രേലിയയിൽ നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന വെസ്റ്റേൺ സിഡ്നി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് നേരിട്ടുള്ള പുതിയ വിമാന സർവീസുകൾ പ്രഖ്യാപിച്ചു. പ്രമുഖ ബഡ്ജറ്റ് എയർലൈനായ വിയറ്റ്ജെറ്റുമായി (Vietjet) ചേർന്നുള്ള പുതിയ സർവീസുകളെക്കുറിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസീ ഉൾപ്പെടെയുള്ളവർ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
പദ്ധതി പ്രകാരം 2027 ജനുവരി മുതൽ വിയറ്റ്നാമിലെ ഹോ ചി മിൻ സിറ്റിയിലേക്ക് (Ho Chi Minh City) നേരിട്ടുള്ള സർവീസുകൾ ആരംഭിക്കും. ആദ്യ ഘട്ടത്തിൽ ആഴ്ചയിൽ രണ്ട് സർവീസുകളായും തുടർന്ന് മാർച്ച് മുതൽ ആഴ്ചയിൽ മൂന്ന് സർവീസുകളായും ഇത് വർദ്ധിപ്പിക്കും. 377 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള അത്യാധുനിക എയർബസ് A330 വിമാനങ്ങളാകും ഈ റൂട്ടിൽ സർവീസ് നടത്തുക.
ഇതിനുപുറമെ, വിയറ്റ്ജെറ്റ് തായ്‌ലൻഡിന്റെ നേതൃത്വത്തിൽ സിഡ്നിയിൽ നിന്നും ബാങ്കോക്കിലേക്ക് നേരിട്ടുള്ള വിമാന സർവീസുകളും വിഭാവനം ചെയ്യുന്നുണ്ട്. ആവശ്യമായ അനുമതികൾ ലഭിക്കുന്ന മുറയ്ക്ക് 2027 നവംബർ മുതൽ ആഴ്ചയിൽ നാല് സർവീസുകൾ ഈ റൂട്ടിൽ ആരംഭിക്കാനാണ് പദ്ധതി.
ജെറ്റ്‌സ്റ്റാർ, ക്വാന്റാസ്, സിംഗപ്പൂർ എയർലൈൻസ്, എയർ ന്യൂസിലാൻഡ് എന്നിവയ്ക്ക് ശേഷം പുതിയ വിമാനത്താവളത്തിൽ നിന്നും സർവീസ് പ്രഖ്യാപിക്കുന്ന അഞ്ചാമത്തെ എയർലൈനാണ് വിയറ്റ്ജെറ്റ്. ഏകദേശം 18 ബില്യൺ ഡോളർ ചെലവഴിച്ചു നിർമ്മിക്കുന്ന ഈ വിമാനത്താവളത്തിന്റെ ഉദ്ഘാടനം 2026 ഒക്ടോബർ 25-ന് നടക്കാനിരിക്കെയാണ് സുപ്രധാന പ്രഖ്യാപനം പുറത്തുവന്നിരിക്കുന്നത്.
വിയറ്റ്ജെറ്റ് പോലുള്ള ബഡ്ജറ്റ് എയർലൈനുകൾ സർവീസ് ആരംഭിക്കുന്നത് വിമാന ടിക്കറ്റ് നിരക്കുകളിൽ വലിയ തോതിലുള്ള കുറവിന് വഴിയൊരുക്കും. ഇത് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് വിദേശരാജ്യങ്ങളിലൂടെ കുറഞ്ഞ ചിലവിൽ യാത്ര ചെയ്യാനും നാട്ടിലേക്ക് എത്താനും വലിയ സാമ്പത്തിക ആശ്വാസമേകും

