അധോലോക നേതാവിനെ വധിക്കാനുള്ള വൻ ഗൂഢാലോചന തകർത്ത് പോലീസ് ; സിഡ്‌നിയിൽ,അഞ്ചുപേരെ അറസ്റ്റ് ചെയ്തു

സിഡ്‌നി: പ്രമുഖ അധോലോക നേതാവിനെ വധിക്കാനുള്ള വൻ ഗൂഢാലോചന തകർത്ത് ന്യൂ സൗത്ത് വെയ്‌ൽസ് പോലീസ് അഞ്ചുപേരെ അറസ്റ്റ് ചെയ്തു. ലെപ്പിംഗ്ടൺ, സ്പ്രിംഗ് ഫാം, ലൂർണിയ, ലോംഗ് ബേ എന്നിവിടങ്ങളിൽ വെള്ളിയാഴ്ച പോലീസ് നടത്തിയ വ്യാപക റെയ്ഡിലാണ് പ്രതികൾ പിടിയിലായത്.

സംഘടിത ക്രിമിനൽ സംഘത്തിലെ പ്രമുഖനായ 29-കാരൻ അയ്മൻ ടാമറിനെ (Ayman Tamer) ലക്ഷ്യമിട്ട് നടന്ന വധശ്രമങ്ങളുടെ പിന്നാലെയാണ് പോലീസ് ഈ നിർണ്ണായക നീക്കം നടത്തിയത്. കഴിഞ്ഞ സെപ്റ്റംബറിൽ ബാങ്ക്‌സ്‌ടൗണിലെ കൊളംബൈൻ അവന്യൂവിൽ വെച്ച് വ്യാജ നമ്പർ പ്ലേറ്റുള്ള ബി.എം.ഡബ്ല്യു കാർ പോലീസ് തടയാൻ ശ്രമിച്ചിരുന്നു. നിർത്താതെ പോയ കാറിനെ പോലീസ് പിന്തുടരുന്നതിനിടയിൽ പ്രതികൾ തോക്ക് പുറത്തേക്ക് വലിച്ചെറിയുകയും പിന്നീട് കാർ ഉപേക്ഷിച്ചു കടന്നുകളയുകയും ചെയ്തു. ഈ വാഹനം അയ്മൻ ടാമറിനെ വധിക്കാനുള്ള ദൗത്യത്തിലായിരുന്നുവെന്നാണ് പോലീസ് ഇപ്പോൾ വ്യക്തമാക്കുന്നത്.

ക്രിസ് ഇമ്മാനുവൽ ഫൈഗഫ (26), ഉസ്മാൻ സബ്സാബി (21), റോബിൻ ഫൗമുയിന എന്നിവരുൾപ്പെടെയുള്ളവരാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു. ഇതിൽ ഫൈഗഫ, ഫൗമുയിന എന്നിവർക്കെതിരെ കൊലപാതക ഗൂഢാലോചന കുറ്റം ചുമത്തി. പിടിയിലായവരിൽ ഏറ്റവും പ്രായം കുറഞ്ഞയാൾക്ക് 17 വയസ്സാണ്. സെപ്റ്റംബറിൽ നടപ്പിലാക്കാൻ ഉദ്ദേശിച്ചിരുന്ന വധശ്രമത്തിൽ വെടിവെക്കാൻ ഏൽപ്പിച്ചിരുന്നത് ബോക്സർ കൂടിയായ ഫൗമുയിനയെ ആയിരുന്നുവെന്നും എന്നാൽ ഇയാൾ ഉറങ്ങിപ്പോയതിനാൽ ആ നീക്കം പരാജയപ്പെട്ടുവെന്നും കോടതിയിൽ വെളിപ്പെടുത്തലുണ്ടായി.

കൊല്ലപ്പെടാൻ ലക്ഷ്യമിട്ടിരുന്ന അയ്മൻ ടാമർ ഒരു പ്രത്യേക സംഘവുമായും നേരിട്ട് ബന്ധമില്ലാത്ത സ്വതന്ത്ര ഓപ്പറേറ്ററായാണ് അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ ഈ കൊലപാതക നീക്കത്തിന് പിന്നിൽ പ്രവർത്തിച്ച മുഖ്യസൂത്രധാരന്മാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്

Leave a Reply

Your email address will not be published. Required fields are marked *