തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ കെഎസ്ഇബി തീരുമാനം. പീക്ക് ലോഡ് മാനേജ്മെന്റിന്റെ ഭാഗമായി 15 മിനിറ്റ് മുതൽ അരമണിക്കൂർ വരെ വൈദ്യുതി നിയന്ത്രണം നടപ്പിലാക്കുമെന്ന് അധികൃതർ അറിയിച്ചു.
വൈദ്യുതി മുടങ്ങുന്ന സമയത്തെ വിവരം ഉപഭോക്താക്കളെ എസ്‌എംഎസ് മുഖേന അറിയിക്കുമെന്നും കെഎസ്ഇബി വ്യക്തമാക്കി. ഉയർന്ന വൈദ്യുതി ഉപഭോഗത്തെ നിയന്ത്രിക്കാൻ ലോഡ് ഷെഡ്ഡിങ് മാർഗം സ്വീകരിക്കുകയാണ് ലക്ഷ്യം.
വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ചേർന്ന കെഎസ്ഇബിയുടെ കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം എടുത്തത്. ഇതിനിടെ പവർ എക്സ്ചേഞ്ചിൽ നിന്ന് 250 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിനും അനുമതി ലഭിച്ചിട്ടുണ്ട്. യൂണിറ്റിന് പരമാവധി 10 രൂപ നിരക്കിൽ ഡേ-എഹെഡ് കണ്ടിജൻസി മാർക്കറ്റിൽ നിന്ന് ഹ്രസ്വകാല കരാറുകൾ വഴിയാണ് വൈദ്യുതി വാങ്ങുക.
വേനൽച്ചൂട് ശക്തമായതിനെ തുടർന്ന് സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുത്തനെ ഉയർന്നിരിക്കുകയാണ്. പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗം കഴിഞ്ഞ ദിവസങ്ങളിൽ റെക്കോർഡ് നിലയിലെത്തിയ സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.

