ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ ജീവനക്കാരുള്ള ടാങ്കറിന് നേരെ ഇറാൻ സേനയുടെ ആക്രമണം

മസ്കറ്റ്: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയ്ക്കിടെ ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ ജീവനക്കാരുള്ള ചരക്കുകപ്പലിന് നേരെ ആക്രമണം. ടോഗോ പതാക വഹിക്കുന്ന ‘എം.ടി സിറോൺ’ (MT Siron) എന്ന കെമിക്കൽ ടാങ്കറിന് നേരെയാണ് ശനിയാഴ്ച ഒമാൻ ഉൾക്കടലിന് സമീപം ആക്രമണമുണ്ടായത്.

കപ്പലിൽ പന്ത്രണ്ട് ഇന്ത്യൻ ജീവനക്കാരാണ് ഉള്ളത്.ഒമാനിലെ ശിനാസ് തുറമുഖത്തിന്റെ പരിധിയിൽ വെച്ചാണ് സംഭവം നടന്നതെന്ന് കേന്ദ്ര തുറമുഖ-ഷിപ്പിംഗ്-ജലപാത മന്ത്രാലയത്തിലെ ഡയറക്ടർ മൻദീപ് സിംഗ് രന്ധവ അറിയിച്ചു. മറ്റ് കപ്പലുകൾക്കൊപ്പം സഞ്ചരിക്കുകയായിരുന്ന ടാങ്കറിനെ ഇറാനിയൻ സേന തടയുകയും മുന്നറിയിപ്പ് എന്ന നിലയിൽ വെടിയുതിർക്കുകയുമായിരുന്നു.കപ്പലിലെ മുഴുവൻ ഇന്ത്യൻ ജീവനക്കാരും സുരക്ഷിതരാണെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.

മേഖലയിലെ ഇന്ത്യൻ നാവികരുടെയും കപ്പലുകളുടെയും സുരക്ഷ ഉറപ്പാക്കാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ശക്തമായ ഏകോപനം നടക്കുന്നുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.ഇറാനിയൻ തുറമുഖങ്ങളിൽ യു.എസ് ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം തുടരുന്നതിനിടെയാണ് ഈ സംഭവം. കഴിഞ്ഞ ദിവസങ്ങളിൽ 38 കപ്പലുകളെ അമേരിക്കൻ സേന തിരിച്ചയച്ചിരുന്നു.

യു.എസ് ഉപരോധം മൂലം എണ്ണ കയറ്റുമതി തടസ്സപ്പെട്ടത് ഇറാനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സമാധാന ചർച്ചകൾ പരാജയപ്പെടാൻ കാരണം അമേരിക്കയുടെ അമിതമായ ആവശ്യങ്ങളാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചി കുറ്റപ്പെടുത്തി. മേഖലയിലെ സുരക്ഷാ വെല്ലുവിളികൾ വർധിക്കുന്നത് അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തെ ആശങ്കയിലാക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *