വൈറ്റ് ഹൗസ് വിരുന്നിനിടെ വെടിവെപ്പ്: ട്രംപിനെ കൊല്ലാൻ ശ്രമിച്ചതിന് പ്രതിക്കെതിരെ കേസ്

വാഷിങ്ടൺ: വൈറ്റ് ഹൗസ് കോറസ്പോണ്ടന്റ്സ് ഡിന്നറിനിടെ നടന്ന വെടിവെപ്പ് കേസിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ കൊല്ലാൻ ശ്രമിച്ചതിന് പ്രതിക്കെതിരെ ഫെഡറൽ കുറ്റം ചുമത്തി. കാലിഫോർണിയ സ്വദേശിയായ 31-കാരൻ കോൾ ടോമസ് അലൻ ആണ് പ്രതി.

വാഷിങ്ടണിലെ വാഷിങ്ടൺ ഹിൽട്ടൺ ഹോട്ടലിൽ നടന്ന പരിപാടിക്കിടെ സുരക്ഷാ പരിശോധന മറികടന്ന് ആയുധങ്ങളുമായി പ്രവേശിക്കാൻ ശ്രമിച്ച പ്രതി വെടിവെപ്പ് നടത്തിയതായി അധികൃതർ അറിയിച്ചു. ഷോട്ട്ഗൺ, പിസ്റ്റൾ എന്നിവയുൾപ്പെടെ നിരവധി ആയുധങ്ങളുമായി ഇയാൾ എത്തിയിരുന്നു.

സംഭവത്തിനിടെ ഒരു സീക്രറ്റ് സർവീസ് ഉദ്യോഗസ്ഥന് വെടിയേറ്റെങ്കിലും ബുള്ളറ്റ്‌പ്രൂഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാൽ ഗുരുതര പരിക്ക് ഒഴിവായി. പ്രസിഡന്റിനോ മറ്റ് പ്രമുഖർക്കോ പരിക്കേറ്റിട്ടില്ല.

പ്രതിയെ സംഭവസ്ഥലത്ത് തന്നെ സുരക്ഷാസേന പിടികൂടി. ട്രംപ് അടക്കമുള്ള ഭരണകൂടത്തിലെ പ്രമുഖരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന സൂചനകൾ അന്വേഷണത്തിൽ ലഭിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

കൊലശ്രമം ഉൾപ്പെടെ ആയുധനിയമലംഘനങ്ങൾ സംബന്ധിച്ച പല കുറ്റങ്ങളും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് ഉയർന്ന സുരക്ഷാ വീഴ്ചകളെ കുറിച്ച് അമേരിക്കൻ അധികാരികൾ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *