ഇടുക്കി: നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിൽ പ്രധാന പ്രതിയായ ഇളയ മകൻ സജി പൊലീസ് പിടിയിലായി. വനപ്രദേശത്ത് ഒളിവിൽ കഴിയുകയായിരുന്ന സജിയെ പ്രത്യേക പൊലീസ് സംഘം കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
പച്ചടി പ്രദേശത്തെ വീട്ടുവളപ്പിൽ നിന്നാണ് മേരിക്കുട്ടി (70)യും മകൻ റെജി (48)യും കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയത്. ഇരുവരും ഏതാനും ആഴ്ചകളായി കാണാതായതിനെ തുടർന്ന് മകളുടെ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്ത് വന്നത്.
വീട്ടിനോട് ചേർന്ന മണ്ണ് ഇളകിയ നിലയിൽ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങൾ ദീർഘകാലം മണ്ണിനടിയിൽ കിടന്നതിനാൽ അഴുകിയ നിലയിലായിരുന്നു.
സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ സജിയെ കണ്ടെത്താൻ പൊലീസ് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിരുന്നു. ഇയാളെ പിടികൂടിയതോടെ കേസിൽ കൂടുതൽ തെളിവുകൾ പുറത്തുവരുമെന്ന് പൊലീസ് അറിയിച്ചു.
കുടുംബവഴക്കാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

