ന്യൂഡൽഹി: നീറ്റ്-യുജി 2026 ചോദ്യപേപ്പർ ചോർച്ച കേസിൽ ഡിജിറ്റൽ തെളിവുകൾ ഒഴിവാക്കാൻ പ്രതികൾ മനഃപൂർവം ഡിജിറ്റൽ ഇതര മാർഗങ്ങൾ സ്വീകരിച്ചതായി സി.ബി.ഐ കുറ്റപത്രത്തിൽ വ്യക്തമാക്കി. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുമായി (NTA) ബന്ധപ്പെട്ട വിഷയവിദഗ്ധരാണ് ചോദ്യപേപ്പർ ചോർത്തിയതെന്നും അത് സാമ്പത്തിക നേട്ടത്തിനും സ്വന്തം ട്യൂഷൻ വിദ്യാർഥികൾക്ക് മുൻതൂക്കം നൽകാനുമാണ് ഉപയോഗിച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി കുറ്റപത്രത്തിൽ പറയുന്നു.
ചോദ്യങ്ങൾ വിദ്യാർഥികളെ കൈയെഴുത്തായി പകർത്താൻ നിർദേശിക്കുകയും പിന്നീട് ടൈപ്പ് ചെയ്ത പകർപ്പുകൾ വിതരണം ചെയ്യുകയും ചെയ്തെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ. ഡിജിറ്റൽ തെളിവുകൾ അവശേഷിക്കാതിരിക്കാനാണ് ഈ രീതി സ്വീകരിച്ചതെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു. കൈയെഴുത്ത് കുറിപ്പുകളും മറ്റ് രേഖകളും സി.ബി.ഐ പിടിച്ചെടുത്തിട്ടുണ്ട്.
കേസിൽ 13 പേർക്കെതിരെയാണ് സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. 360 സാക്ഷികളുടെയും 422 രേഖകളുടെയും 43 ഭൗതിക തെളിവുകളുടെയും അടിസ്ഥാനത്തിലാണ് അന്വേഷണം പൂർത്തിയാക്കിയതെന്ന് സി.ബി.ഐ അറിയിച്ചു. ഡിജിറ്റൽ ഫൊറൻസിക് പരിശോധനാ റിപ്പോർട്ടുകളും കൈയെഴുത്ത് വിദഗ്ധരുടെയും അക്കാദമിക് വിദഗ്ധരുടെയും അഭിപ്രായങ്ങളും കുറ്റപത്രത്തോടൊപ്പം സമർപ്പിച്ചിട്ടുണ്ട്.

