കൊളംബോ: ശ്രീലങ്കൻ സമുദ്രാതിർത്തിയിൽ അപകടത്തിൽപ്പെട്ട ഇന്ത്യൻ മത്സ്യബന്ധന ബോട്ടിലുണ്ടായിരുന്ന 11 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന സുരക്ഷിതമായി രക്ഷപ്പെടുത്തി. പാൽക് കടലിടുക്കിലെ ഡെൽഫ്റ്റ് (നെടുന്തീവ്) ദ്വീപിന് സമീപത്തെ പവിഴപ്പുറ്റിൽ ബോട്ട് ഇടിച്ചാണ് അപകടമുണ്ടായത്.
അപകടവിവരം ലഭിച്ചതിനെ തുടർന്ന് ശ്രീലങ്കൻ നാവികസേന രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. ബോട്ടിന് ഭാഗികമായി കേടുപാടുകൾ സംഭവിച്ചിരുന്നുവെങ്കിലും എല്ലാ മത്സ്യത്തൊഴിലാളികളെയും സുരക്ഷിതമായി കരയിലെത്തിച്ചതായി അധികൃതർ അറിയിച്ചു.
അന്താരാഷ്ട്ര സമുദ്ര അതിർത്തി രേഖ (IMBL) ലംഘിച്ച് ശ്രീലങ്കൻ ജലപരിധിയിൽ പ്രവേശിച്ച ബോട്ട് അടിത്തട്ടിലെ മത്സ്യബന്ധനത്തിൽ (bottom trawling) ഏർപ്പെട്ടിരുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് ശ്രീലങ്കൻ നാവികസേനയുടെ പ്രാഥമിക വിശദീകരണം. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം തുടരുകയാണ്.

