വാഷിങ്ടൺ: അമേരിക്കൻ ആയുധശേഖരത്തിൽ ക്ഷാമമുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനെ രൂക്ഷമായി വിമർശിച്ചുവെന്ന മാധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നു. ഇറാനുമായുള്ള സംഘർഷത്തിനിടെ നിർണായക മിസൈൽ ശേഖരങ്ങൾ കുറഞ്ഞുവെന്ന വിവരം മറച്ചുവെച്ചതിൽ ട്രംപ് അതൃപ്തി പ്രകടിപ്പിച്ചെന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ ഈ റിപ്പോർട്ടുകൾ വൈറ്റ് ഹൗസും പെന്റഗണും തള്ളി. ട്രംപും ഹെഗ്സെത്തിനും തമ്മിൽ ഇത്തരമൊരു ഏറ്റുമുട്ടൽ നടന്നിട്ടില്ലെന്നും, അമേരിക്കയ്ക്ക് ആവശ്യത്തിന് ആയുധശേഖരമുണ്ടെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. മാധ്യമ റിപ്പോർട്ടുകളെ ട്രംപും പിന്നീട് വിമർശിക്കുകയും രാജ്യത്തിന്റെ ആയുധോൽപ്പാദനം ശക്തമായി തുടരുകയാണെന്നും അവകാശപ്പെടുകയും ചെയ്തു.
അതേസമയം, അമേരിക്കയുടെ ചില നിർണായക മിസൈൽ ശേഖരങ്ങൾ കുറഞ്ഞുവെന്ന ആശങ്ക വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വിവരങ്ങൾ പുറത്തായതിനെ തുടർന്ന് ചോർച്ചയെക്കുറിച്ച് അന്വേഷണം നടത്താൻ ട്രംപ് നിർദേശിച്ചതായും റിപ്പോർട്ടുകളുണ്ട്.

