ചിറ്റൂർ: ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ പ്രഭാതസവാരിക്കിറങ്ങിയ മാധ്യമപ്രവർത്തകനെ അജ്ഞാതസംഘം പിന്തുടർന്ന് കുത്തിക്കൊന്നു. എബിഎൻ ആന്ധ്ര ജ്യോതി മാധ്യമസ്ഥാപനത്തിലെ റിപ്പോർട്ടറായ ജഗൻമോഹൻ റെഡ്ഡിയാണ് കൊല്ലപ്പെട്ടത്.
വി. കോട്ട പട്ടണത്തിലാണ് സംഭവം. രാവിലെ വീട്ടിൽ നിന്ന് നടക്കാനിറങ്ങിയ റെഡ്ഡിയെ ബൈക്കിലെത്തിയ അക്രമികൾ പിന്തുടർന്ന് ആക്രമിച്ചു. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടി മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ച് കുത്തിക്കൊല്ലുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
സംഭവസ്ഥലത്ത് വച്ചുതന്നെ റെഡ്ഡി മരിച്ചു. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ലെന്നും വ്യക്തിപരമായ വൈരാഗ്യമോ തൊഴിൽ സംബന്ധമായ കാരണങ്ങളോ ആയിരിക്കാമെന്നും പൊലീസ് അറിയിച്ചു.
സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ തെളിവുകൾ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. നിരവധി പ്രത്യേക സംഘങ്ങളെ അന്വേഷണത്തിന് നിയോഗിച്ചിട്ടുണ്ട്.
മാധ്യമപ്രവർത്തകന്റെ കൊലപാതകത്തിൽ മാധ്യമ സംഘടനകളും പൊതുസമൂഹവും ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി. പ്രതികളെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ രംഗത്തെത്തി.

