മെൽബൺ: ഓസ്ട്രേലിയയെ ഒരു കറൻസി രഹിത സമൂഹമാക്കി (Cashless Society) മാറ്റാനുള്ള ബാങ്കുകളുടെയും സർക്കാരിന്റെയും നീക്കങ്ങൾക്കെതിരെ രാജ്യവ്യാപക പ്രതിഷേധം. ‘ക്യാഷ് ഔട്ട് ഡേ’ എന്ന് പേരിട്ടിരിക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി ആയിരക്കണക്കിന് ഓസ്ട്രേലിയൻ പൗരന്മാർ ഇന്ന് ബാങ്കുകളിൽ നിന്നും എടിഎമ്മുകളിൽ നിന്നും പണം പിൻവലിച്ചു. ദൈനംദിന ജീവിതത്തിൽ കറൻസി നോട്ടുകൾക്കുള്ള പ്രാധാന്യം അധികൃതരെ ബോധ്യപ്പെടുത്തുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യം.
ബാങ്ക് ശാഖകൾ കൂട്ടത്തോടെ നിർത്തലാക്കുന്നതും എടിഎമ്മുകളുടെ എണ്ണം കുറയ്ക്കുന്നതും സാധാരണക്കാരായ ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്നുവെന്നാണ് പ്രതിഷേധക്കാരുടെ വാദം. “കാർഡുകളും ഫോണുകളും വഴിയുള്ള പണമിടപാടുകൾ സൗകര്യപ്രദമാണെന്നത് ശരിയാണ്, പക്ഷേ കറൻസി രഹിത സമൂഹമാകാൻ ഞങ്ങൾ വോട്ട് ചെയ്തിട്ടില്ല,” എന്ന് ഫിനാൻഷ്യൽ ജേണലിസ്റ്റും ഈ നീക്കത്തിന്റെ വക്താവുമായ ജേസൺ ബ്രൈസ് വ്യക്തമാക്കി. ബാങ്കുകൾ ജനങ്ങളെ ഡിജിറ്റൽ ഇടപാടുകളിലേക്ക് നിർബന്ധപൂർവ്വം തള്ളിവിടുകയാണെന്നും അദ്ദേഹം ആരോപിച്ചു.
സമീപകാലത്ത് ഡിജിറ്റൽ പേയ്മെന്റുകൾക്ക് പ്രചാരം ലഭിച്ചെങ്കിലും, ഓസ്ട്രേലിയയിൽ കറൻസി ഉപയോഗം വർധിച്ചുവരികയാണെന്ന് റിസർവ് ബാങ്ക് ഓഫ് ഓസ്ട്രേലിയ (RBA) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തെ മൊത്തം പണമിടപാടുകളിൽ 15 ശതമാനവും കറൻസി മുഖേനയാണ് നടക്കുന്നത്. പകുതിയോളം ഓസ്ട്രേലിയക്കാർ ആഴ്ചയിൽ ഒരിക്കലെങ്കിലും പണം നേരിട്ട് കൈമാറുന്നുണ്ട്. പ്രത്യേകിച്ച് പ്രായമായവരും ഗ്രാമീണ മേഖലകളിൽ താമസിക്കുന്നവരും ഇപ്പോഴും കറൻസിയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്.
അത്യാവശ്യ സാധനങ്ങൾ വാങ്ങുന്നതിന് ബിസിനസ് സ്ഥാപനങ്ങൾ കറൻസി സ്വീകരിക്കണമെന്ന് സർക്കാർ നിയമം കൊണ്ടുവന്നിട്ടുണ്ടെങ്കിലും, ഇത് വളരെ ദുർബലമാണെന്നാണ് പ്രതിഷേധക്കാരുടെ പക്ഷം. കാർഡ് പേയ്മെന്റുകൾക്കുള്ള അധിക ചാർജുകൾ (Surcharges) നീക്കം ചെയ്യാനുള്ള സർക്കാർ നീക്കം ജനങ്ങളെ കറൻസിയിൽ നിന്ന് അകറ്റാനാണെന്നും ഇവർ കുറ്റപ്പെടുത്തുന്നു.
പ്രാദേശിക ബാങ്ക് ശാഖകൾ പൂട്ടുന്നത് ഗ്രാമീണ മേഖലയിലുള്ളവരുടെ പണലഭ്യതയെ സാരമായി ബാധിച്ചിരിക്കുകയാണ്. തങ്ങളുടെ കൈവശമുള്ള പണം പിൻവലിച്ചുകൊണ്ട്, കറൻസി നോട്ടുകൾക്ക് ഇന്നും വിപണിയിൽ പ്രസക്തിയുണ്ടെന്ന് തെളിയിക്കാനാണ് ‘ക്യാഷ് ഔട്ട് ഡേ’യിലൂടെ ലക്ഷ്യമിടുന്നത്.

