കാൻബറ: ഓസ്‌ട്രേലിയൻ വാർത്താ മാധ്യമങ്ങളുടെ ഉള്ളടക്കം ഉപയോഗിക്കുന്നതിന് ഗൂഗിളും മെറ്റയും ഉൾപ്പെടെയുള്ള വൻകിട ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഇനി പണം നൽകേണ്ടി വരും. ആൽബനീസ് സർക്കാർ പുറത്തിറക്കിയ പുതിയ ‘ന്യൂസ് ബാർഗെയിനിംഗ് ഇൻസെന്റീവ്’ (NBI) നിയമത്തിന്റെ കരട് രേഖയിലാണ് മാധ്യമ മേഖലയ്ക്ക് കരുത്തുപകരുന്ന നിർദ്ദേശങ്ങളുള്ളത്.
പുതിയ നിയമപ്രകാരം ഗൂഗിൾ, മെറ്റാ, ടിക് ടോക്കിന്റെ ഉടമകളായ ബൈറ്റ് ഡാൻസ് തുടങ്ങിയ വൻകിട കമ്പനികൾ ഓസ്‌ട്രേലിയൻ വാർത്താ സർവീസുകളുമായി വാണിജ്യ കരാറുകളിൽ ഏർപ്പെടാൻ ബാധ്യസ്ഥരാണ്. കരാറുകളിൽ ഒപ്പിടാൻ തയ്യാറാകാത്ത കമ്പനികൾ അവരുടെ മൊത്തം വരുമാനത്തിന്റെ നിശ്ചിത ശതമാനം ഫീസായി സർക്കാരിലേക്ക് ഒടുക്കേണ്ടി വരും. ഇത്തരത്തിൽ ലഭിക്കുന്ന തുക മാധ്യമപ്രവർത്തകരെയും വാർത്താ ഏജൻസികളെയും സഹായിക്കാനായി വിനിയോഗിക്കും.
2021-ൽ മോറിസൺ സർക്കാർ കൊണ്ടുവന്ന ‘ന്യൂസ് മീഡിയ ബാർഗെയിനിംഗ് കോഡി’ലെ പോരായ്മകൾ പരിഹരിക്കാനാണ് പുതിയ നീക്കം. വാർത്തകൾ തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഒഴിവാക്കിക്കൊണ്ട് മാധ്യമങ്ങൾക്ക് പണം നൽകുന്നതിൽ നിന്ന് ഒഴിഞ്ഞുമാറാൻ പഴയ നിയമത്തിൽ കമ്പനികൾക്ക് സാധിച്ചിരുന്നു. 2024-ൽ ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റാ തങ്ങളുടെ വാർത്താ കരാറുകൾ പുതുക്കില്ലെന്ന് പ്രഖ്യാപിച്ചതോടെയാണ് പുതിയ നിയമനിർമ്മാണത്തിന് സർക്കാർ വേഗത കൂട്ടിയത്.
ഓസ്‌ട്രേലിയൻ മാധ്യമ മേഖലയുടെ നിലനിൽപ്പിന് മാധ്യമപ്രവർത്തകർ അനിവാര്യമാണെന്ന് പ്രധാനമന്ത്രി ആന്തണി ആൽബനീസ് പറഞ്ഞു. “പ്രാദേശിക വാർത്തകൾ പ്രാദേശിക സമൂഹങ്ങൾക്ക് പ്രധാനമാണ്. ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകരില്ലാതെ ഈ കഥകൾ പറയാനാകില്ല,” അദ്ദേഹം വ്യക്തമാക്കി. വാർഷിക വരുമാനം ഒന്നര ലക്ഷം ഡോളറിന് മുകളിലുള്ള പത്രങ്ങൾ, മാഗസിനുകൾ, ടെലിവിഷൻ-റേഡിയോ വാർത്താ പരിപാടികൾ, വെബ്‌സൈറ്റുകൾ എന്നിവയ്ക്ക് പുതിയ നിയമത്തിന്റെ ആനുകൂല്യം ലഭിക്കും.
കരട് നിയമത്തിന്മേൽ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാനുള്ള സമയം മെയ് 18 വരെയാണ്. ലഭിക്കുന്ന നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച് തുക എങ്ങനെ വിതരണം ചെയ്യണം എന്ന കാര്യത്തിൽ സർക്കാർ അന്തിമ തീരുമാനമെടുക്കും

