സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഉപഭോഗം കുറച്ചില്ലെങ്കിൽ നിയന്ത്രണം ഏർപ്പെടുത്താൻ ഉന്നതതല യോഗ തീരുമാനം

കേരളത്തില്‍ അത്യുഷ്ണത്തിന്റെ പശ്ചാത്തലത്തില്‍ വൈദ്യുതി ഉപയോഗത്തിലുണ്ടായ അപ്രതീക്ഷിത വര്‍ദ്ധനവും ലഭ്യതയിലുണ്ടാകുന്ന കുറവും വിലയിരുത്തുന്നതിനും പ്രതിസന്ധി നേരിടുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനുമായുള്ള ഉന്നതതലയോഗം ഊര്‍ജ്ജവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പുനീത് കുമാര്‍ ഐ എ എസ്-ന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. കെ.എസ്.ഇ.ബി. ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ മിന്‍ഹാജ് ആലം ഐ എ എസ്, ഡയറക്ടര്‍മാര്‍, ചീഫ് എഞ്ചിനീയര്‍മാര്‍ തുടങ്ങി ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

അന്തരീക്ഷ താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് പ്രവചിക്കപ്പെട്ടിരുന്നത്. ഇത് 41 ഡിഗ്രിവരെ കൂടിയ സാഹചര്യത്തില്‍, സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നിരിക്കുകയാണ്. പീക്ക് സമയ വൈദ്യുതി ഉപയോഗം ഏപ്രില്‍ 27-ന് സര്‍വ്വകാല റെക്കോര്‍ഡായ 118.26 ദശലക്ഷം യൂണിറ്റിലേക്ക് എത്തി. വൈകുന്നേരം 6-നു ശേഷമുള്ള വൈദ്യുതി ആവശ്യകതയും ചരിത്രത്തിലാദ്യമായി 6033 മെഗാവാട്ട് എന്ന റെക്കോര്‍ഡിലേക്ക് ഉയര്‍ന്നു. ഏപ്രില്‍ 23-ന് രാത്രി 10:30-ന് ഒരു മിനിറ്റ് നേരം 6195 മെഗാവാട്ട് വരെ ആവശ്യകത കൂടുകയുണ്ടായി.

രാജ്യത്താകെ വ്യാപിച്ചിരിക്കുന്ന ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയ വിപണിയില്‍ വൈദ്യുതിലഭ്യത ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ആവശ്യകതയുടെ 70 ശതമാനത്തിലേറെയും വൈദ്യുതി പുറത്തുനിന്നും വാങ്ങുന്ന സംസ്ഥാനമെന്ന നിലയില്‍ ഇത് പ്രതിസന്ധിയാകുന്നതായി യോഗം അഭിപ്രായപ്പെട്ടു. കേന്ദ്ര ഉത്പാദന നിലയങ്ങളില്‍ നിന്നുമുള്ള വൈദ്യുതി ലഭ്യതയില്‍ ഉണ്ടായിരുന്ന 200 മെഗാവാട്ടിന്റെ കുറവ് ഇന്ന് (28.04.2026) വൈകുന്നേരത്തോടെ പരിഹരിക്കപ്പെടും.

വൈദ്യുതി ആവശ്യകതയിലുണ്ടായ അപ്രതീക്ഷിതമായ വര്‍ദ്ധനയാണ് പ്രതിസന്ധിക്ക് കാരണമെന്ന് യോഗം വിലയിരുത്തി. സംസ്ഥാനത്തെ വൈദ്യുതി ആവശ്യകതയുടെ വളര്‍ച്ചാ നിരക്ക് പരിശോധിച്ചാല്‍ പ്രതിവര്‍ഷം ഉണ്ടാകുന്ന ശരാശരി വര്‍ദ്ധനയെക്കള്‍ വളരെക്കൂടുതലാണ് ഇക്കൊല്ലം ഉണ്ടായിരിക്കുന്നത്. വൈകീട്ട് 6 മണിക്കുശേഷമുള്ള ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിംഗും എസിയുടെ ഉപയോഗവും പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലുണ്ടായ പാചകവാതക ക്ഷാമത്തെത്തുടര്‍ന്ന് ജനങ്ങള്‍ ഇന്‍ഡക്ഷന്‍ പാചകത്തെ അധികമായി ആശ്രയിച്ചതുമാണ് വൈദ്യുതി ആവശ്യകത കുത്തനെ കൂടാന്‍ കാരണമായത് എന്നാണ് മനസ്സിലാകുന്നത്. എന്നാല്‍, രാത്രി 9.30 നുശേഷം അര്‍ദ്ധരാത്രി 12 വരെയുള്ള സമയത്തിനിടെ ചില അവസരങ്ങളില്‍ മാത്രമാണ് ഉപയോഗം ക്രമാതീതമായി ഉയരുന്നതെന്നും പൊതുജനങ്ങളുടെ സഹകരണമുണ്ടെങ്കില്‍ ഉത്തരവാദിത്തത്തോടെയുള്ള ഊര്‍ജ്ജവിനിയോഗം വഴി ഈ പ്രതിസന്ധി തരണം ചെയ്യാന്‍ കഴിയുമെന്നും യോഗം വിലയിരുത്തി. വരും ദിവസങ്ങളില്‍ കേരളത്തില്‍ മഴ ലഭിക്കുന്നതോ പവര്‍ എക്‌ചേഞ്ചില്‍ നിന്നും കൂടുതല്‍ വൈദ്യുതി ലഭ്യമാകുന്നതോ ആയ സാഹചര്യമുണ്ടായാല്‍ നിലവിലെ പ്രതിസന്ധിക്ക് അയവുവരുമെന്ന് യോഗം പ്രത്യാശ പ്രകടിപ്പിച്ചു

വൈദ്യുതി ആവശ്യകത ക്രമാതീതമായി ഉയര്‍ന്നാല്‍ പ്രസരണ വിതരണ ശൃംഖലയിലുണ്ടാകുന്ന കനത്ത സമ്മര്‍ദ്ദം കാരണം ഗുരുതരവും അപരിഹാര്യവുമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയുണ്ട്. അതിരൂക്ഷമായ സ്ഥിതിഗതികള്‍ ഉണ്ടാവുന്ന ഘട്ടങ്ങളില്‍, ഗ്രിഡ് സ്ഥിരതയ്ക്കായി വൈകുന്നേരം 6 മുതല്‍ രാത്രി 12 വരെ 30 മിനിറ്റില്‍ താഴെയുള്ള വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്റര്‍ ചീഫ് എഞ്ചിനീയര്‍ക്ക് ഉന്നതതല യോഗം അനുമതി നല്‍കി. സ്ഥിതിഗതികള്‍ ഉന്നത ഉദ്യോഗസ്ഥരുടെ സംഘം ഓരോ ദിവസവും വിലയിരുത്തും.

വൈദ്യുതി വിതരണം തടസ്സരഹിതമായി നിര്‍വ്വഹിക്കാന്‍ ഉപഭോക്താക്കളുടെ സഹകരണം കെ.എസ്.ഇ.ബി. അഭ്യര്‍ത്ഥിച്ചു. വൈദ്യുതി വാഹന ചാര്‍ജിംഗ് വൈകുന്നേരം 6 മുതല്‍ രാത്രി 12 വരെ പൂര്‍ണ്ണമായി ഒഴിവാക്കി, പകല്‍ സമയത്തേക്ക് ക്രമീകരിക്കണം. നിലവിലെ സാഹചര്യത്തില്‍ രാത്രി സമയങ്ങളില്‍ എസിയുടെ ഉപയോഗം ഒഴിവാക്കാനാവില്ല. എന്നാല്‍ താപനില 24-26 ഡിഗ്രി സെല്‍ഷ്യസില്‍ നിലനിര്‍ത്താന്‍ കഴിയും. ഇങ്ങനെ ചെയ്യുന്നത് ശരീരത്തിന് ആരോഗ്യകരമാണ് എന്നു മാത്രമല്ല വലിയതോതില്‍ വൈദ്യുതി ലാഭിക്കാനുമാകും. എസിയുടെ ഉപയോഗം അത്യാവശ്യമുള്ള മുറികളില്‍ മാത്രമായി ചുരുക്കാനും കഴിയും. ഇന്‍ഡക്ഷന്‍ കുക്കറിന്റെ ഉപയോഗവും ഈ സമയത്ത് പരമാവധി ഒഴിവാക്കണം. വൈദ്യുതി അധികമായി ഉപയോഗിക്കുന്ന ഇലക്ട്രിക് ഹീറ്റര്‍, അയണ്‍, വാഷിംഗ് മെഷീന്‍, പമ്പ് സെറ്റ് തുടങ്ങിയവയുടെ ഉപയോഗവും ഈ സമയത്ത് ഒഴിവാക്കാം. അത്യാവശ്യമല്ലാത്ത ലൈറ്റുകള്‍ അണയ്ക്കാം.

Leave a Reply

Your email address will not be published. Required fields are marked *