സിഡ്‌നി: ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള നോർത്തേൺ ബീച്ചസ് ആശുപത്രിയുടെ (Northern Beaches Hospital) ഉടമസ്ഥാവകാശം സ്വകാര്യ ഓപ്പറേറ്ററായ ഹെൽത്ത്‌സ്‌കോപ്പിൽ (Healthscope) നിന്നും എൻ.എസ്.ഡബ്ല്യു ഹെൽത്ത് (NSW Health) ഏറ്റെടുത്തു. ഇന്ന് (ഏപ്രിൽ 29, ബുധനാഴ്ച) രാവിലെ ഏഴു മണിയോടെയാണ് ആശുപത്രിയുടെ ഭരണപരമായ ചുമതലകളും നിയമപരമായ കൈമാറ്റവും പൂർത്തിയായത്. ഇതോടെ എട്ടു വർഷം നീണ്ടുനിന്ന ആശുപത്രിയുടെ സ്വകാര്യ പങ്കാളിത്തം അവസാനിച്ചു.
ആശുപത്രി ഇനി മുതൽ നോർത്തേൺ സിഡ്‌നി ലോക്കൽ ഹെൽത്ത് ഡിസ്ട്രിക്റ്റിന്റെ കീഴിലുള്ള പൊതുജനാരോഗ്യ സംവിധാനത്തിന്റെ ഭാഗമായി പ്രവർത്തിക്കും. ഏകദേശം 190 മില്യൺ ഡോളർ ചെലവഴിച്ചാണ് സർക്കാർ ആശുപത്രി ഏറ്റെടുത്തത്. കൈമാറ്റം നടന്നുവെങ്കിലും ആശുപത്രിയുടെ പ്രവർത്തനം സാധാരണ നിലയിൽ തുടരുമെന്നും രോഗീ പരിചരണത്തിൽ തടസ്സമുണ്ടാകില്ലെന്നും അധികൃതർ അറിയിച്ചു.
ആശുപത്രിയിലെ 1800-ലധികം ജീവനക്കാർ ഇനി എൻ.എസ്.ഡബ്ല്യു ഹെൽത്തിന്റെ ഭാഗമാകും. ഇവരുടെ നിലവിലുള്ള ലീവ് ആനുകൂല്യങ്ങളും മറ്റും പുതിയ കരാറിലേക്ക് മാറ്റം വരുത്തിയിട്ടുണ്ട്. ആശുപത്രി പൂർണ്ണമായും പൊതു ഉടമസ്ഥതയിലായെങ്കിലും, നിലവിലുള്ള കരാറുകൾ പ്രകാരം 2027 ജൂൺ വരെ സ്വകാര്യ ചികിത്സാ സൗകര്യങ്ങൾ കൂടി ലഭ്യമായിരിക്കും.ആശുപത്രിയിൽ പുതിയ സർജറി ഹബ്ബ് സ്ഥാപിക്കുമെന്നും ഇതിലൂടെ വർഷത്തിൽ അയ്യായിരത്തിലധികം ശസ്ത്രക്രിയകൾ അധികമായി നടത്താൻ സാധിക്കുമെന്നും സർക്കാർ അറിയിച്ചു.
രണ്ട് വയസ്സുകാരനായ ജോ മസ്സ എന്ന കുട്ടി ചികിത്സാ പിഴവ് മൂലം മരിച്ചതിനെ തുടർന്നുണ്ടായ പ്രതിഷേധങ്ങളും തുടർന്നുണ്ടായ അന്വേഷണങ്ങളുമാണ് ആശുപത്രിയെ പൊതു ഉടമസ്ഥതയിലേക്ക് തിരികെ കൊണ്ടുവരാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. സ്വകാര്യ-പൊതു പങ്കാളിത്തം (Public-Private Partnership) പരാജയപ്പെട്ടതിനെ തുടർന്ന് ‘ജോസ് ലോ’ (Joe’s Law) എന്ന നിയമത്തിലൂടെയാണ് ആശുപത്രിയെ സർക്കാർ ഏറ്റെടുത്തത്.

