കൊളംബോ: ശ്രീലങ്കയിലെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളമായ ഭണ്ഡാരനായകെയിൽ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ട. ബാങ്കോക്കിൽ നിന്ന് മടങ്ങിയെത്തിയ 22 ബുദ്ധസന്യാസിമാരുടെ പക്കൽ നിന്നും 110 കിലോയോളം വരുന്ന ഉയർന്ന നിലവാരത്തിലുള്ള ‘കുഷ്’ കഞ്ചാവാണ് കസ്റ്റംസ് പിടികൂടിയത്. ശ്രീലങ്കയിലെ വിവിധ ക്ഷേത്രങ്ങളിൽ നിന്നുള്ള ജൂനിയർ സന്യാസിമാരാണ് പിടിയിലായവരിലേറെയും.
നാലുദിവസത്തെ ബാങ്കോക്ക് സന്ദർശനം കഴിഞ്ഞ് ശനിയാഴ്ച വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ഇവരുടെ ബാഗുകളിൽ നിന്ന് ലഹരിമരുന്ന് കണ്ടെടുത്തത്. ബാഗുകളുടെ വശങ്ങളിൽ പ്രത്യേകം തയ്യാറാക്കിയ രഹസ്യ അറകളിലായി അഞ്ച് കിലോ വീതം ലഹരിമരുന്ന് ഒളിപ്പിച്ച നിലയിലായിരുന്നു. അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 1.1 ബില്യൺ ലങ്കൻ രൂപ (ഏകദേശം 25 കോടി രൂപ) വിലമതിക്കുന്നതാണ് പിടിച്ചെടുത്ത ലഹരിമരുന്നെന്ന് കസ്റ്റംസ് വക്താവ് അറിയിച്ചു.
ഈ വിനോദയാത്ര സംഘടിപ്പിച്ച ഇരുപത്തിമൂന്നാമനായ മറ്റൊരു സന്യാസിയെ കൊളംബോയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ നൽകിയ പാർസലുകൾ മറ്റാർക്കോ കൈമാറാൻ വേണ്ടിയാണ് കൊണ്ടുവന്നതെന്നാണ് പ്രാഥമിക വിവരം. യാത്രയ്ക്കിടെ ഇവർ സന്യാസ വേഷം മാറി സാധാരണ വസ്ത്രങ്ങൾ ധരിച്ചതിന്റെ ചിത്രങ്ങളും ഇവരുടെ ഫോണുകളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. പിടിയിലായവരെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.

