മെൽബൺ: ഓസ്‌ട്രേലിയൻ പാർട്‌ണർ വിസയ്ക്കായി കാത്തിരിക്കുന്നവർ സമർപ്പിക്കുന്ന വിസിറ്റർ വിസ അപേക്ഷകൾ വ്യാപകമായി തള്ളുന്നതായി റിപ്പോർട്ട്. അപേക്ഷകൾ നിരസിച്ചുകൊണ്ട് അധികൃതർ നൽകുന്ന മറുപടി കത്തുകൾ ഒരേ മാതൃകയിലുള്ളതാണെന്നും (Cut-and-paste) വ്യക്തിപരമായ കാര്യങ്ങൾ പരിഗണിക്കാതെയാണ് ഇത്തരം നടപടികളെന്നും മൈഗ്രേഷൻ ഏജന്റുമാർ കുറ്റപ്പെടുത്തുന്നു.
പങ്കാളിക്കൊപ്പം ഓസ്‌ട്രേലിയയിൽ കഴിയാനായി വിസയ്ക്ക് അപേക്ഷിച്ച് മാസങ്ങളോളം കാത്തിരിക്കുന്നവർക്ക്, ആ കാലയളവിൽ അവിടെ സന്ദർശനം നടത്താനായി നൽകുന്ന വിസിറ്റർ വിസ അപേക്ഷകളാണ് ഇത്തരത്തിൽ തള്ളപ്പെടുന്നത്. അപേക്ഷകർക്ക് അവരുടെ മാതൃരാജ്യവുമായി ശക്തമായ ബന്ധമില്ലെന്നും ഓസ്‌ട്രേലിയയിൽ എത്തിയ ശേഷം തിരികെ പോകാൻ സാധ്യതയില്ലെന്നുമുള്ള സ്ഥിരം കാരണങ്ങളാണ് അധികൃതർ മറുപടിയായി നൽകുന്നത്.
ഓരോ അപേക്ഷകന്റെയും സാഹചര്യങ്ങൾ വ്യത്യസ്തമാണെങ്കിലും, വിസ തള്ളിക്കൊണ്ട് നൽകുന്ന കത്തുകളിലെ വാചകങ്ങൾ പലപ്പോഴും ഒന്നുതന്നെയാണെന്ന് മൈഗ്രേഷൻ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വർഷങ്ങളോളം നീണ്ടുനിൽക്കുന്ന പാർട്‌ണർ വിസ നടപടികൾക്കിടയിൽ പങ്കാളികൾക്ക് ഒരുമിച്ച് സമയം ചെലവഴിക്കാനുള്ള ഏക മാർഗ്ഗമാണ് ഇതോടെ അടയുന്നത്. ഇത് പല കുടുംബങ്ങളെയും മാനസികമായി തളർത്തുന്നുണ്ട്.
2026-ൽ വിസാ നിയമങ്ങൾ കൂടുതൽ കർശനമാക്കിയതിന്റെ ഭാഗമായാണ് ഇത്തരം പെട്ടെന്നുള്ള നിരസിക്കലുകൾ ഉണ്ടാകുന്നതെന്നാണ് വിവരം. അപൂർണ്ണമായ അപേക്ഷകൾക്ക് മുൻപത്തെപ്പോലെ തിരുത്താൻ സമയം നൽകാതെ നേരിട്ട് തള്ളുന്ന രീതിയും (One-response approach) ഇപ്പോൾ നിലവിലുണ്ട്.വിസ പ്രോസസിംഗിലെ ഈ അവ്യക്തതകൾ അപേക്ഷകർക്കും സ്പോൺസർമാർക്കും വലിയ സാമ്പത്തിക നഷ്ടത്തിനും ഇടയാക്കുന്നുണ്ട്. ഹോം അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റിന്റെ ഈ നടപടിക്കെതിരെ മൈഗ്രേഷൻ ഏജന്റുമാരുടെ ഇടയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

