കുനുനുറ: പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ കിംബർലി മേഖലയിലെ ഓർഡു നദിയിൽ (Ord River) നടന്ന 55 കിലോമീറ്റർ ദൂരമുള്ള സാഹസികമായ ‘ഡാം ടു ഡാം’ നീന്തൽ ചലഞ്ചിൽ ലോക റെക്കോർഡ് നേട്ടം സ്വന്തമാക്കി ആൻഡി ഡൊണാൾഡ്സൺ. 11 മണിക്കൂർ 51 മിനിറ്റ് കൊണ്ടാണ് ആൻഡി ഈ ലക്ഷ്യം പൂർത്തിയാക്കിയത്. 2024-ൽ സിമോൺ ബ്ലേസർ 16 മണിക്കൂർ 13 മിനിറ്റ് കൊണ്ട് പൂർത്തിയാക്കിയ റെക്കോർഡാണ് ഇതോടെ തിരുത്തപ്പെട്ടത്.
ഏപ്രിൽ 28 ചൊവ്വാഴ്ച പുലർച്ചെ 5:38-ന് ലേക്ക് ആർഗൈലിൽ (Lake Argyle) നിന്നാണ് അദ്ദേഹം യാത്ര ആരംഭിച്ചത്. 5,500-ലധികം ശുദ്ധജല ചീങ്കണ്ണികൾ അധിവസിക്കുന്ന മേഖലയാണിതെന്ന പ്രത്യേകതയുമുണ്ട്. കടുത്ത ചൂടിനെയും നിർജ്ജലീകരണത്തെയും അതിജീവിച്ചാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്. വൈകിട്ട് 5:29-ഓടെ കുനുനുറയിലെ സ്വിം ബീച്ചിൽ എത്തിയ അദ്ദേഹത്തെ നൂറുകണക്കിന് ആളുകൾ ചേർന്ന് സ്വീകരിച്ചു.
മാനസികാരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ചാരിറ്റികൾക്കായി ഫണ്ട് ശേഖരിക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം ഈ നീന്തൽ നടത്തിയത്.
നീന്തലിനിടെ ചീങ്കണ്ണികളുടെ ശല്യമൊന്നും നേരിട്ടില്ലെന്നും ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ സ്ഥലത്തിലൂടെ നീന്താൻ കഴിഞ്ഞത് വലിയൊരു അനുഭവമാണെന്നും അദ്ദേഹം പ്രതികരിച്ചു. ലോക ഓപ്പൺ വാട്ടർ സ്വിമ്മിംഗ് അസോസിയേഷന്റെ അംഗീകാരത്തിന് വിധേയമായാണ് ഈ പുതിയ റെക്കോർഡ് കണക്കാക്കുന്നത്.

