വണ്ടിപ്പെരിയാർ: ഇടുക്കി ജില്ലയിൽ പെയ്ത ശക്തമായ വേനൽമഴയിലും കാറ്റിലും വണ്ടിപ്പെരിയാർ മ്ലാമല മേഖലയിൽ വ്യാപക നാശനഷ്ടം. ഉച്ചയ്ക്ക് രണ്ട് മണിയോടെ ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടി ആരംഭിച്ച മഴ ഏകദേശം ഒരു മണിക്കൂറോളം നീണ്ടുനിന്നു. കനത്ത കാറ്റിൽ മ്ലാമല ഫാക്ടറി ഡിവിഷൻ, ഹെൽപ്പ് നഗർ തുടങ്ങിയ ഭാഗങ്ങളിൽ മരങ്ങൾ കടപുഴകി വീണും വീടുകളുടെ മേൽക്കൂരകൾ തകർന്നുമാണ് കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മേഖലയിലെ നിരവധി വീടുകളുടെ മുകളിലേക്ക് മരങ്ങൾ വീണതോടെ വലിയ തോതിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചു. വൈദ്യുതി ലൈനുകൾക്ക് മുകളിലേക്ക് മരക്കൊമ്പുകൾ വീണതിനെത്തുടർന്ന് വണ്ടിപ്പെരിയാർ മേഖലയിൽ വൈദ്യുതി ബന്ധം പൂർണ്ണമായും തടസ്സപ്പെട്ടു. മ്ലാമല ഹെൽപ്പ് നഗർ റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടെങ്കിലും പിന്നീട് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മരം മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.
കൃഷിയിടങ്ങളിലും മഴ കനത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. കാറ്റിൽ വ്യാപകമായി വാഴകളും മറ്റ് കൃഷികളും നശിച്ചു. വേനൽച്ചൂടിന് ആശ്വാസമായി മഴ എത്തിയെങ്കിലും കാറ്റിന്റെ തീവ്രത ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മലയോര മേഖലയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശിച്ചു. റവന്യൂ അധികൃതർ സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി വരികയാണ്.

