ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വൻ വർദ്ധനവ് വരുത്തിയതായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. പെട്രോളിന് 10 രൂപയും ഡീസലിന് 12.50 രൂപയും വർദ്ധിപ്പിച്ചുവെന്ന തരത്തിലുള്ള വ്യാജ ഉത്തരവാണ് വ്യാപകമായി പ്രചരിക്കുന്നത്. എന്നാൽ ഇത്തരമൊരു തീരുമാനം സർക്കാർ കൈക്കൊണ്ടിട്ടില്ലെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (PIB) ഫാക്ട് ചെക്ക് വിഭാഗം ഔദ്യോഗികമായി അറിയിച്ചു.
പെട്രോളിയം മന്ത്രാലയത്തിന്റേതെന്ന പേരിൽ തയ്യാറാക്കിയ വ്യാജ രേഖയാണ് തെറ്റിദ്ധാരണ പരത്തുന്നത്. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർദ്ധനവ് ചൂണ്ടിക്കാട്ടിയാണ് വില കൂട്ടി എന്ന രീതിയിൽ സന്ദേശങ്ങൾ കൈമാറുന്നത്. എന്നാൽ നിലവിൽ ഇന്ധനവില വർദ്ധിപ്പിക്കാൻ യാതൊരു നിർദ്ദേശവുമില്ലെന്നും ഇത്തരത്തിലുള്ള തെറ്റായ സന്ദേശങ്ങൾ വിശ്വസിക്കരുതെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം ജനങ്ങൾ വിശ്വസിക്കണമെന്നും വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് തടയണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. പെട്രോളിയം മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറി സുജാത ശർമ്മയും വിഷയത്തിൽ വിശദീകരണം നൽകുകയും ആവശ്യത്തിന് ഇന്ധന ശേഖരം രാജ്യത്തുണ്ടെന്നും വില വർദ്ധനയെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും വ്യക്തമാക്കി

