ബെംഗളൂരു: കർണാടകയിലെ ബെംഗളൂരുവിൽ കനത്ത മഴയെത്തുടർന്നുണ്ടായ മതിൽ ഇടിഞ്ഞുവീണ് മൂന്ന് കുട്ടികളടക്കം ഏഴ് പേർക്ക് ദാരുണാന്ത്യം. ബെംഗളൂരുവിലെ ബൗറിംഗ് ആന്റ് ലേഡി കർസൺ ആശുപത്രിക്ക് സമീപമുള്ള ചുറ്റുമതിലാണ് ഇന്നലെ വൈകുന്നേരം തകർന്നുവീണത്.
ശക്തമായ മഴയും കാറ്റും ആലിപ്പഴ വർഷവും ഉണ്ടായ സമയത്ത് മഴയിൽ നിന്നും രക്ഷനേടാനായി മതിലിനോട് ചേർന്ന് നിൽക്കുകയായിരുന്നു ഇവർ. ഈ സമയത്ത് മതിൽ പെട്ടെന്ന് തകരുകയും എല്ലാവരും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങുകയുമായിരുന്നു. ഏഴുപേരും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അപകടസ്ഥലം സന്ദർശിക്കുകയും മരണവിവരം സ്ഥിരീകരിക്കുകയും ചെയ്തു. അതീവ ദുഃഖകരമായ സംഭവമാണിതെന്ന് അദ്ദേഹം പ്രതികരിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ സഹായം നൽകുമെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കനത്ത മഴയെത്തുടർന്ന് നഗരത്തിന്റെ പല ഭാഗങ്ങളിലും സമാനമായ അപകട ഭീഷണി നിലനിൽക്കുന്നുണ്ട്.

