ഡമാസ്കസ്/ക്യാൻബറ: സിറിയയിലെ ഇന്റേൺമെന്റ് ക്യാമ്പുകളിൽ കഴിയുന്ന ഐസിസ് ഭീകരരുടെ കുടുംബാംഗങ്ങളായ ഓസ്ട്രേലിയൻ സ്വദേശികൾക്ക് നാട്ടിലേക്ക് മടങ്ങുന്നതിന് തിരിച്ചടി. സിറിയയിലെ ഡമാസ്കസ് അന്താരാഷ്ട്ര വിമാനത്താവളം വഴി ഓസ്ട്രേലിയയിലേക്ക് കടക്കാൻ ശ്രമിച്ച 13 പേരടങ്ങുന്ന സംഘത്തെ സിറിയൻ അധികൃതർ തടഞ്ഞു. നാല് സ്ത്രീകളും ഒമ്പത് കുട്ടികളും അടങ്ങുന്ന സംഘം വ്യാഴാഴ്ച വിമാനത്താവളത്തിലേക്ക് പുറപ്പെട്ടെങ്കിലും ഇവരെ സ്വീകരിക്കാൻ ഓസ്ട്രേലിയൻ സർക്കാർ വിസമ്മതിച്ചതോടെ വാഹനം തിരിച്ചയക്കുകയായിരുന്നു.
പ്രസക്തമായ അന്താരാഷ്ട്ര കക്ഷികളുമായുള്ള ഏകോപനത്തിലൂടെ മാത്രമേ ഈ കുടുംബങ്ങളുടെ കാര്യത്തിൽ ഒരു പരിഹാരമുണ്ടാകൂ എന്ന് സിറിയൻ വാർത്താവിനിമയ മന്ത്രാലയം വ്യക്തമാക്കി. വടക്കുകിഴക്കൻ സിറിയയിലെ അൽ-റോജ് ക്യാമ്പിൽ കഴിഞ്ഞിരുന്ന ഇവർ സ്വന്തം നിലയിൽ ടിക്കറ്റ് ബുക്ക് ചെയ്താണ് യാത്രയ്ക്ക് ഒരുങ്ങിയത്. എന്നാൽ, ഓസ്ട്രേലിയൻ ഗവൺമെന്റ് ഇവരെ സ്വീകരിക്കാൻ തയ്യാറല്ലെന്ന് സിറിയൻ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചതോടെയാണ് യാത്ര തടസ്സപ്പെട്ടത്. നിലവിൽ സിറിയൻ ക്യാമ്പുകളിൽ കഴിയുന്ന 34 ഓസ്ട്രേലിയക്കാരിൽ ഉൾപ്പെട്ടവരാണ് ഈ സംഘം.
വിഷയത്തിൽ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ് തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഇവരെ തിരികെ കൊണ്ടുവരുന്നതിനായി സർക്കാർ യാതൊരുവിധ സഹായമോ പിന്തുണയോ നൽകില്ലെന്ന് ബുധനാഴ്ച നടന്ന വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. വിദേശകാര്യ മന്ത്രി പെണ്ണി വോങ്ങും ഇതേ നിലപാട് ആവർത്തിച്ചു. പൗരന്മാരെന്ന നിലയിൽ സ്വന്തം നിലയിൽ മടങ്ങിവരാൻ ഇവർക്ക് ശ്രമിക്കാമെങ്കിലും ഓസ്ട്രേലിയൻ സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു സഹായവും പ്രതീക്ഷിക്കേണ്ടതില്ലെന്ന് ആഭ്യന്തര മന്ത്രി ടോണി ബർക്ക് വ്യക്തമാക്കി. മടങ്ങിയെത്തുന്നവർക്കെതിരെയുള്ള നിയമനടപടികൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഫെഡറൽ പോലീസ് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

