കടപ്പ: ആന്ധ്രപ്രദേശിലെ വൈ.എസ്.ആർ. കടപ്പ ജില്ലയിൽ രണ്ട് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കി. നാല് പുതിയ കോവിഡ് കേസുകളും സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചു. നാല് വർഷത്തിനുശേഷമാണ് സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
രോഗവ്യാപനം തടയുന്നതിനായി രോഗനിരീക്ഷണം, സമ്പർക്കപ്പട്ടിക തയ്യാറാക്കൽ, പരിശോധന എന്നിവ ജില്ലയിൽ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. പൊതുജനങ്ങൾ അനാവശ്യ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും, പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ പരിശോധന നടത്താനും ആവശ്യമായ മുൻകരുതലുകൾ പാലിക്കാനും ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്.
അതേസമയം, ആന്ധ്രപ്രദേശിലെ കോവിഡ് സാഹചര്യത്തെ തുടർന്ന് സമീപ സംസ്ഥാനമായ ഒഡീഷയും ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. ജൂലൈ 16-ന് നടക്കുന്ന ജഗന്നാഥ രഥയാത്രയ്ക്ക് ലക്ഷക്കണക്കിന് ആളുകൾ എത്തുമെന്നതിനാൽ ആരോഗ്യനിരീക്ഷണം ശക്തിപ്പെടുത്തുകയും യാത്രക്കാരോട് കോവിഡ് പ്രതിരോധ മാർഗങ്ങൾ പാലിക്കണമെന്ന് അഭ്യർഥിക്കുകയും ചെയ്തിട്ടുണ്ട്. അധികൃതർ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുൻകരുതലാണ് സ്വീകരിക്കുന്നതെന്നും വ്യക്തമാക്കി.

