കൽപ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ഭൂരിപക്ഷം ലഭിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള തീരുമാനം പാർട്ടി കീഴ്‌വഴക്കങ്ങളും നിശ്ചിത നടപടിക്രമങ്ങളും പാലിച്ചായിരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കി. വയനാട് ഡിസിസി ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി അടുത്തിടെ ഉയർന്നുവരുന്ന ചർച്ചകൾ അനാവശ്യമായതാണെന്നും ഇത്തരം വിവാദങ്ങൾക്ക് ചില മാധ്യമങ്ങൾ വഴിവെച്ചതാണെന്നും അദ്ദേഹം വിമർശിച്ചു. തിരഞ്ഞെടുപ്പ് ഫലം യുഡിഎഫ് നേതൃത്വം കണക്കുകൂട്ടിയതുപോലെ ആയിരിക്കുമെന്നും മികച്ച ഭൂരിപക്ഷത്തോടെ മുന്നണി അധികാരത്തിലെത്തുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
എക്സിറ്റ് പോൾ പ്രവചനങ്ങളും യുഡിഎഫിന് അനുകൂലമാണെന്നും തദ്ദേശ തിരഞ്ഞെടുപ്പിലെ ജനവിധി മുന്നണിക്ക് ആത്മവിശ്വാസം നൽകിയതായും സണ്ണി ജോസഫ് പറഞ്ഞു. ഇടതു സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തുറന്നുകാട്ടാൻ യുഡിഎഫിന് കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തിന്റെ പൊതുനന്മയും ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള പ്രഖ്യാപനങ്ങൾ ജനങ്ങൾ സ്വീകരിച്ചുവെന്നും രാഹുൽ ഗാന്ധി മുന്നോട്ടുവച്ച ഗ്യാരന്റികൾക്കും വലിയ സ്വീകാര്യത ലഭിച്ചതായും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് നയിച്ച ‘പുതുയുഗ യാത്ര’ സംസ്ഥാനവ്യാപകമായി മികച്ച പ്രതികരണം നേടിയതായും അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പിന് മുമ്പും ശേഷവും നിരവധി പ്രതിസന്ധികൾ യുഡിഎഫ് നേരിട്ടതായി ചൂണ്ടിക്കാട്ടിയ അദ്ദേഹം, വോട്ടർ പട്ടിക സംബന്ധമായ പ്രശ്നങ്ങൾ, പോളിംഗ് ഉദ്യോഗസ്ഥരുടെ നിയമനത്തിലെ ആരോപണങ്ങൾ, അക്രമങ്ങൾ എന്നിവയെ അതിജീവിച്ചാണ് മുന്നണി മുന്നേറിയതെന്നും പറഞ്ഞു. വിവാദ കത്ത് താൻ എഴുതിയതല്ലെന്ന നിലപാടും അദ്ദേഹം ആവർത്തിച്ചു.

