മെൽബൺ/സിഡ്നി: കേരളത്തിന്റെ രാഷ്ട്രീയ ഭാവി നിർണ്ണയിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം നാളെ പുറത്തുവരാനിരിക്കെ, പ്രവാസി മലയാളികൾക്കിടയിലും ആവേശം കൊടുമുടിയിൽ. തിങ്കളാഴ്ച രാവിലെ വോട്ടെണ്ണൽ ആരംഭിക്കുമ്പോൾ ഫലം തത്സമയം കാണുന്നതിനായി ഓസ്ട്രേലിയയിലെ വിവിധ നഗരങ്ങളിൽ ബിഗ് സ്ക്രീൻ വാച്ച് പാർട്ടികളാണ് ഒരുക്കിയിരിക്കുന്നത്.
മെൽബൺ, സിഡ്നി, ബ്രിസ്ബേൻ, പെർത്ത് തുടങ്ങിയ നഗരങ്ങളിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ (IOC) നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങളാണ് ചെയ്തിട്ടുള്ളത്. യുഡിഎഫിന്റെ വിജയമുറപ്പിക്കാൻ പ്രവർത്തകർ ഒത്തുചേരുമ്പോൾ, റെസ്റ്റോറന്റുകളിലും കമ്മ്യൂണിറ്റി ഹാളുകളിലും രാഷ്ട്രീയത്തിന് അതീതമായി സുഹൃദ് കൂട്ടായ്മകളും ഫലപ്രഖ്യാപനം തത്സമയം കാണാൻ തയാറെടുത്തു കഴിഞ്ഞു.
ഭരണത്തുടർച്ചയുണ്ടാകുമോ അതോ ഭരണം മാറുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രവാസികൾ. ഓരോ മണ്ഡലത്തിലെയും ലീഡ് നിലകൾ തത്സമയം വിശകലനം ചെയ്യാനും ചർച്ചകൾ സംഘടിപ്പിക്കാനും വലിയ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. ജോലിത്തിരക്കുകൾക്കിടയിലും കേരളത്തിന്റെ ജനവിധി അറിയാൻ ഓസ്ട്രേലിയൻ മലയാളി സമൂഹം ഒന്നടങ്കം ടിവി സ്ക്രീനുകൾക്ക് മുന്നിലുണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു.

