തൊടുപുഴ: പതിനഞ്ചാം കേരള നിയമസഭയിൽ തൊടുപുഴയ്ക്ക് ഇരട്ടി മധുരം. മണ്ഡലത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരേസമയം രണ്ട് ജനപ്രതിനിധികൾ നിയമസഭയിൽ തൊടുപുഴയെ പ്രതിനിധീകരിക്കുമെന്ന അപൂർവ്വ നേട്ടത്തിനാണ് വഴിയൊരുങ്ങിയിരിക്കുന്നത്. തൊടുപുഴ മണ്ഡലത്തിൽ നിന്നും വൻ ഭൂരിപക്ഷത്തോടെ വിജയിച്ച അപു ജോൺ ജോസഫിന് പുറമെ, തൊടുപുഴ സ്വദേശിയായ റോയി കെ. പൗലോസ് ഇടുക്കി മണ്ഡലത്തിൽ നിന്ന് വിജയിച്ചതോടെയാണിത്.
തൊടുപുഴയുടെ രാഷ്ട്രീയ മുഖമായിരുന്ന പി.ജെ. ജോസഫിന്റെ പിൻഗാമിയായി എത്തിയ അപു ജോൺ ജോസഫ് 44,291 വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് മണ്ഡലം നിലനിർത്തിയത്. ഇതേസമയം തന്നെ, തൊടുപുഴ നഗരസഭാ പരിധിയിൽ താമസക്കാരനും മണ്ഡലത്തിലെ വോട്ടറുമായ യുഡിഎഫ് നേതാവ് റോയി കെ. പൗലോസ് അയൽ മണ്ഡലമായ ഇടുക്കിയിൽ നിന്ന് ഉജ്ജ്വല വിജയം കൈവരിക്കുകയായിരുന്നു.
സ്വന്തം നാട്ടുകാരനായ ഒരാൾ മണ്ഡലത്തെ പ്രതിനിധീകരിക്കുമ്പോൾ തന്നെ, നഗരത്തിൽ താമസിക്കുന്ന മറ്റൊരു പ്രമുഖ നേതാവ് കൂടി സഭയിലെത്തുന്നത് തൊടുപുഴയുടെ വികസന സ്വപ്നങ്ങൾക്ക് കൂടുതൽ കരുത്തേകുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ. മുൻപ് പി.ജെ. ജോസഫ് മന്ത്രിയായിരുന്ന കാലത്ത് ലഭിച്ച പരിഗണന പുതിയ സാഹചര്യത്തിൽ ഇരട്ടിയായി ലഭിക്കുമെന്ന് വോട്ടർമാർ വിശ്വസിക്കുന്നു. ഒരേ നഗരത്തിൽ നിന്നുള്ള രണ്ട് പേർ നിയമസഭയുടെ പടവുകൾ കയറുന്നത് തൊടുപുഴയുടെ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായി മാറിയിരിക്കുകയാണ്. പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ മണ്ഡലത്തിൽ വിപുലമായ സ്വീകരണ പരിപാടികൾ സംഘടിപ്പിക്കാൻ യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്.

