ബ്രിസ്ബേൻ: നോർത്ത് ക്വീൻസ്‌ലൻഡിലെ ബീച്ചുകളിൽ നിഗൂഢമായ ആറ് ഗോളങ്ങൾ അടിഞ്ഞത് പരക്കെ ആശങ്ക പരത്തുന്നു. റോക്കറ്റ് വിക്ഷേപണത്തിന് ശേഷം അവശേഷിക്കുന്ന ബഹിരാകാശ അവശിഷ്ടങ്ങൾ അഥവാ ‘സ്പേസ് ബോൾസ്’ (Space Balls) ആകാം ഇവയെന്നാണ് വിദഗ്ധരുടെ പ്രാഥമിക നിഗമനം. ടൗൺസ്‌വില്ലിലെ ഫോറസ്റ്റ് ബീച്ച് പരിസരത്താണ് വലിയ ഗോളാകൃതിയിലുള്ള ഈ വസ്തുക്കൾ കണ്ടെത്തിയത്.
അപകടകരമായ രാസവസ്തുക്കൾ അടങ്ങിയിരിക്കാൻ സാധ്യതയുണ്ടെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് ഓസ്‌ട്രേലിയൻ സ്‌പേസ് ഏജൻസി ഇവയുടെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു. കണ്ടെത്തിയ ആറ് വസ്തുക്കളിൽ അഞ്ചെണ്ണം സുരക്ഷിതമായി ഡ്രമ്മുകളിലാക്കി മാറ്റിയി ട്ടുണ്ടെന്നും, അവശേഷിക്കുന്ന ഒരെണ്ണം സുരക്ഷിതമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ക്വീൻസ്‌ലൻഡ് ഫയർ ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. പ്രദേശവാസികൾക്ക് നിലവിൽ ഭീഷണിയൊന്നുമില്ലെന്നും കൂടുതൽ അവശിഷ്ടങ്ങൾ വരും ദിവസങ്ങളിൽ തീരത്തടിയാൻ സാധ്യതയുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ഫ്ളിൻഡേഴ്സ് സർവ്വകലാശാലയിലെ ബഹിരാകാശ പുരാവസ്തു ഗവേഷകയായ അസോസിയേറ്റ് പ്രൊഫസർ ആലീസ് ഗോർമാൻ ദൃശ്യങ്ങൾ പരിശോധിച്ച് വ്യക്തമാക്കിയത്, ഇവയിൽ കരിഞ്ഞ ലക്ഷണങ്ങളൊന്നും കാണാനില്ല എന്നാണ്. വിക്ഷേപണത്തിന് ശേഷം ഭൂമിയിലേക്ക് പതിച്ച റോക്കറ്റിന്റെ ആദ്യത്തെയോ രണ്ടാമത്തെയോ ഘട്ടങ്ങളിലെ ഭാഗങ്ങളാകാം ഇവ. റോക്കറ്റിന്റെ ഇന്ധന സംവിധാനത്തിൽ ഉപയോഗിക്കുന്ന, ഉയർന്ന ഉരുകൽ നിലയുള്ള ടൈറ്റാനിയം അലോയ് കൊണ്ട് നിർമ്മിച്ച പ്രഷറൈസ്ഡ് ഇന്ധന പാത്രങ്ങളോട് ഇവയ്ക്ക് സാദൃശ്യമുണ്ട്. അതേസമയം, ഇവ ബഹിരാകാശ അവശിഷ്ടങ്ങൾ അല്ലെങ്കിൽ കടലിൽ ഉപയോഗിക്കുന്ന മറ്റ് ഉപകരണങ്ങൾ ആകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
ഇവ ‘സ്പേസ് ബോൾസ്’ ആണെങ്കിൽ, അതിൽ മാരക വിഷാംശമുള്ള ഹൈഡ്രാസിൻ എന്ന റോക്കറ്റ് ഇന്ധനത്തിന്റെ അംശമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഗോർമാൻ മുന്നറിയിപ്പ് നൽകി. റഷ്യൻ ഫ്രെഗറ്റ് (Fregat) റോക്കറ്റുകളിൽ സമാനമായ ഇന്ധന പാത്രങ്ങൾ ഉപയോഗിക്കാറുണ്ട്. ലോകമെമ്പാടും ഇത്തരത്തിലുള്ള ബഹിരാകാശ അവശിഷ്ടങ്ങൾ സാധാരണയായി കണ്ടെത്താറുണ്ടെന്നും, കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ബഹിരാകാശ വിക്ഷേപണങ്ങൾ വൻതോതിൽ വർദ്ധിച്ചതുമൂലം ഇത്തരം അവശിഷ്ടങ്ങൾ ഭൂമിയിലേക്ക് തിരികെ പതിക്കുന്നത് പതിവായിട്ടുണ്ടെന്നും ഓസ്‌ട്രേലിയൻ ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, തീരത്തടിഞ്ഞ നിഗൂഢ വസ്തുക്കളെ ചുറ്റിപ്പറ്റി പ്രദേശത്തെ ഒരു ചിപ്സ് കടയിൽ ‘സ്പേസ് ജങ്ക് സ്നാക്ക് ബോക്സ്’ എന്ന പേരിൽ ഒരു പലഹാരക്കൂട്ട് വിപണിയിലിറക്കിയത് പ്രാദേശികമായി കൗതുകമുണർത്തിയിട്ടുണ്ട്

