60 വർഷത്തിനിടെ ആദ്യമായി പുതിയ എണ്ണശുദ്ധീകരണ ശാല സ്ഥാപിക്കാൻ പദ്ധതി

കാൻബറ: ആഗോള എണ്ണപ്രതിസന്ധികളിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കുന്നതിനുള്ള ദീർഘകാല തന്ത്രത്തിന്റെ ഭാഗമായി വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ പുതിയ എണ്ണശുദ്ധീകരണ ശാല (ഓയിൽ റിഫൈനറി) നിർമ്മിക്കാൻ സർക്കാർ ആലോചിക്കുന്നു. ഇതിലൂടെ 60 വർഷത്തിനിടെ രാജ്യത്ത് ഉയരുന്ന ആദ്യ പുതിയ എണ്ണശുദ്ധീകരണ ശാലയ്ക്കാണ് വഴിയൊരുങ്ങുന്നത്.

രാജ്യത്തെ മൂന്നാമത്തെ വലിയ പെട്രോൾ റിഫൈനറിയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട പ്രാഥമിക പഠനത്തിനായി കോമൺവെൽത്ത് സർക്കാരും വെസ്റ്റേൺ ഓസ്‌ട്രേലിയൻ സർക്കാരും ചേർന്ന് 4 ദശലക്ഷം ഡോളർ അനുവദിക്കും. കഴിഞ്ഞ 25 വർഷത്തിനിടെ നിരവധി റിഫൈനറികൾ അടച്ചുപൂട്ടിയതിനെ തുടർന്ന് ഓസ്‌ട്രേലിയ നിലവിൽ ആവശ്യമായ ദ്രാവക ഇന്ധനത്തിന്റെ 90 శതമാനവും ഇറക്കുമതി ചെയ്യുകയാണ്. മധ്യപൂർവേഷ്യൻ സംഘർഷങ്ങളെത്തുടർന്നുണ്ടായ ആഗോള ഇന്ധനപ്രതിസന്ധിയാണ് രാജ്യത്തിന്റെ ഈ ദുർബലാവസ്ഥ വ്യക്തമാക്കിയത്.

പിൽബറയിലെ 4.5 ബില്യൺ ഡോളറിന്റെ ഫെർട്ടിലൈസർ പ്ലാന്റിന് പിന്നിൽ പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനിയായ പെർഡമാൻ (Perdaman) ആയിരിക്കും നിർദ്ദിഷ്ട പദ്ധതി യാഥാർത്ഥ്യമായാൽ ഇതിന്റെ നിർമ്മാണം ഏറ്റെടുക്കുക. സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതിക്ക് സർക്കാരിന്റെ വായ്പാ സഹായങ്ങളും ലഭ്യമായേക്കും.

മധ്യപൂർവേഷ്യയിലെ യുദ്ധം നീണ്ടുനിൽക്കുന്നത് പണപ്പെരുപ്പത്തിനും സാമ്പത്തിക വളർച്ചയ്ക്കും വൻ ഭീഷണിയാണെന്ന് ട്രഷറർ ജിം ചാൽമേഴ്സ് മുന്നറിയിപ്പ് നൽകി. ആഭ്യന്തര ഇന്ധന ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കുന്നത് രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാനുള്ള നിർണായക ചുവടുവെപ്പാണെന്ന് ഊർജ്ജ മന്ത്രി ക്രിസ് ബോവൻ വ്യക്തമാക്കി. അതേസമയം, ഫോസിൽ ഇന്ധനങ്ങളെ കൂടുതൽ ആശ്രയിക്കുന്ന പദ്ധതിക്കെതിരെ പരിസ്ഥിതി പ്രവർത്തകരിൽ നിന്ന് വിമർശനങ്ങൾ ഉയർന്നേക്കാം

Leave a Reply

Your email address will not be published. Required fields are marked *