കാൻബറ: സൗത്ത് ഓസ്‌ട്രേലിയയിലെ തീരപ്രദേശത്ത് അമ്മയുടെയും ചെറിയ കുട്ടിയുടെയും മൃതദേഹങ്ങൾ കടലിൽ നിന്ന് കണ്ടെത്തി. സംഭവസ്ഥലത്തുനിന്ന് ഒര വയസ്സിൽ താഴെ പ്രായമുള്ള മറ്റൊരു കുഞ്ഞിനെ കാണാതായതിനെ തുടർന്ന് വൻ തിരച്ചിൽ ആരംഭിച്ചു.
സംസ്ഥാനത്തിന്റെ തെക്കേ അറ്റത്തുള്ള തീരദേശ പട്ടണമായ പോർട്ട് മക്‌ഡൊണെലിലെ കേപ്പ് നോർത്തം ബർലാൻഡിന് സമീപമുള്ള കാർ പാർക്കിംഗിൽ എഞ്ചിൻ പ്രവർത്തിക്കുന്ന നിലയിൽ ഒരു വാഹനം കണ്ടെത്തിയതിനെ തുടർന്നാണ് തിങ്കളാഴ്ച രാവിലെ 11 മണിയോടെ എമർജൻസി സർവീസുകൾക്ക് സന്ദേശം ലഭിക്കുന്നത്. തുടർന്ന് നടപ്പാക്കിയ പരിശോധനയിലാണ് തൊട്ടടുത്തുള്ള കടലിൽ നിന്ന് ഒരു സ്ത്രീയുടെയും ചെറിയ കുട്ടിയുടെയും മൃതദേഹങ്ങൾ പോലീസ് കണ്ടെത്തിയത്. മൗണ്ട് ഗാംബിയറിന് സമീപമുള്ള കോംപ്ടൺ സ്വദേശിയായ 36 കാരിയും അവരുടെ കുട്ടിയുമാണ് മരണപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
കാണാതായ കുഞ്ഞിനായി പോലീസും മറ്റ് എമർജൻസി വിഭാഗങ്ങളും പ്രാദേശിക മത്സ്യത്തൊഴിലാളികളും ഉൾപ്പെടെയുള്ള സന്നദ്ധപ്രവർത്തകരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും വെളിച്ചക്കുറവ് മൂലം തിങ്കളാഴ്ച വൈകുന്നേരത്തോടെ ദൗത്യം താത്കാലികമായി അവസാനിപ്പിച്ചു. ചൊവ്വാഴ്ച രാവിലെയോടെ തിരച്ചിൽ പുനരാരംഭിക്കും.
കാണാതായ കുഞ്ഞിന്റെ ജീവന്റെ കാര്യത്തിൽ കടുത്ത ആശങ്കയുണ്ടെന്ന് സൂപ്രണ്ട് ട്രെന്റ് കോക്സ് മാധ്യമങ്ങളോട് പറഞ്ഞു. കുഞ്ഞിന് ഒരു വയസ്സിൽ താഴെ മാത്രമാണ് പ്രായമെന്നും, കടലിൽ വീണിട്ടുണ്ടെങ്കിൽ അതിജീവിക്കാനുള്ള സാധ്യത വളരെ കുറവാണെന്നും അദ്ദേഹം വ്യക്തമാക്കി. മോശം കാലാവസ്ഥ ചൊവ്വാഴ്ച കടലിലെ തിരച്ചിലിന് തടസ്സമായേക്കാമെങ്കിലും കാൽനടയായും തെർമൽ ഇമേജിംഗ് ഡ്രോണുകൾ ഉപയോഗിച്ചും തീരപ്രദേശത്ത് പരിശോധന തുടരുമെന്ന് പോലീസ് അറിയിച്ചു.
മരണപ്പെട്ട സ്ത്രീ സഞ്ചരിച്ചിരുന്ന S592BJR രജിസ്ട്രേഷനിലുള്ള വെള്ള ഇസുസു MUX (Isuzu MUX) വാഹനം ശ്രദ്ധയിൽപ്പെട്ടവർ വിവരങ്ങൾ ക്രൈം സ്റ്റോപ്പർമാരെ അറിയിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു. കേപ്പ് നോർത്തംബർലാന്റിൽ എത്തുന്നതിന് തൊട്ടുമുമ്പ് സ്ത്രീയുടെ നീക്കങ്ങൾ എന്തൊക്കെയായിരുന്നുവെന്ന് വ്യക്തമായി മനസ്സിലാക്കാനാണ് പൊതുജനങ്ങളുടെ സഹായം തേടുന്നതെന്ന് പോലീസ് കൂട്ടിച്ചേർത്തു.

