കൂടുതൽ വൈദഗ്ധ്യമുള്ള കുടിയേറ്റക്കാരെ വേണമെന്ന് പ്രീമിയർ പീറ്റർ മാലിനൗസ്കാസ്

അഡ്ലെയ്ഡ്: സൗത്ത് ഓസ്‌ട്രേലിയയുടെ വികസനത്തിന് വൈദഗ്ധ്യമുള്ള (Skilled) കൂടുതൽ കുടിയേറ്റക്കാരെ ആവശ്യമുണ്ടെന്ന് വ്യക്തമാക്കി പ്രീമിയർ പീറ്റർ മാലിനൗസ്കാസ്. News24-ന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം സ്കിൽഡ് മൈഗ്രേഷൻ നയത്തിലുള്ള തന്റെ ഉറച്ച പിന്തുണ ആവർത്തിച്ച് വ്യക്തമാക്കിയത്. സംസ്ഥാനത്തെ വമ്പൻ പദ്ധതികൾക്കും അടിസ്ഥാന സൗകര്യ വികസനങ്ങൾക്കും വിദേശ തൊഴിലാളികൾ എത്രത്തോളം അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്ത് വർദ്ധിച്ചുവരുന്ന കുടിയേറ്റ വിരുദ്ധ വികാരങ്ങൾക്കും വൺ നേഷൻ (One Nation) പാർട്ടിയുടെ വിമർശനങ്ങൾക്കുമുള്ള മറുപടിയായാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് വിദേശ തൊഴിലാളികൾ അത്യാവശ്യമാണെന്ന് കുടിയേറ്റക്കാരെ എതിർക്കുന്നവർ മനസ്സിലാക്കണം. മാർച്ച് 2026-ലെ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്താൻ കഴിഞ്ഞത് ജനങ്ങൾക്ക് ഈ നയങ്ങളിലുള്ള വിശ്വാസത്തിന്റെ തെളിവാണെന്നും, കൃത്യമായി ആസൂത്രണം ചെയ്ത കുടിയേറ്റ നയങ്ങളിലൂടെ സാധാരണക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനാകുമെന്നും പ്രീമിയർ പറഞ്ഞു.

നേരത്തെ CEDA വേദിയിലും അദ്ദേഹം തന്റെ കുടിയേറ്റ അനുകൂല നയങ്ങൾ വ്യക്തമാക്കിയിരുന്നു. പ്രതിവർഷം 20,167 സ്കിൽഡ് മൈഗ്രന്റുകളെയാണ് സംസ്ഥാനം സ്വീകരിച്ചിരുന്നതെങ്കിൽ, നിലവിൽ 2,011 പേരെ കൂടി അധികമായി ആവശ്യമുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രധാനമായും ഓസ്‌ബോ ണിലെ (Osborne) ഓക്കസ് ആണവ അന്തർവാഹിനി നിർമ്മാണ പദ്ധതിക്കും വടക്കൻ മേഖലയിലെ ഖനന പദ്ധതികൾക്കുമാണ് കൂടുതൽ തൊഴിലാളികളെ ആവശ്യമുള്ളത്. അതുകൂടാതെ ആശുപത്രികൾ, വയോജന സംരക്ഷണം, നിർമ്മാണ മേഖല എന്നിവയിലെ കടുത്ത തൊഴിലാളി ക്ഷാമം പരിഹരിക്കാനും സൗത്ത് ഓസ്‌ട്രേലിയ ലക്ഷ്യമിടുന്നു.

ഓസ്‌ട്രേലിയൻ പൗരന്മാർ സുപ്രധാന മേഖലകളിൽ ജോലി ചെയ്യുമ്പോൾ, നിർമ്മാണ, ആരോഗ്യ പരിപാലന മേഖലകളിൽ വിദേശ തൊഴിലാളികളുടെ സേവനം അത്യന്താപേക്ഷിതമാകുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വിദേശ തൊഴിലാളികളെ കൊണ്ടുവരുന്നതിനെ എതിർക്കുന്ന രാഷ്ട്രീയ നേതാക്കളെ അദ്ദേഹം നിശിതമായി വിമർശിക്കുകയും ചെയ്തു. കുടിയേറ്റക്കാരുടെ എണ്ണം കൂടുമ്പോൾ ഭവന പ്രതിസന്ധി രൂക്ഷമാകുമെന്ന പ്രതിപക്ഷ വാദങ്ങളെ നേരിടാൻ പ്രതിവർഷം 13,500 പുതിയ വീടുകൾ നിർമ്മിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കൃത്യമായ കണക്കുകളുടെ അടിസ്ഥാനത്തിലുള്ള സർക്കാരിന്റെ ഈ കാഴ്ചപ്പാട് സൗത്ത് ഓസ്‌ട്രേലിയയിലെ പ്രവാസി സമൂഹത്തിന് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് കരുതപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *