ഓസ്‌ട്രേലിയൻ ഉദ്യോഗസ്ഥയ്ക്ക് ചായപ്പൊടിക്കവറിൽ കോഴ നൽകാൻ ശ്രമം; ചൈനീസ് പൗരൻ അറസ്റ്റിൽ

ബ്രിസ്ബേൻ: ഓസ്‌ട്രേലിയൻ ഗവൺമെൻ്റ് ഉദ്യോഗസ്ഥയ്ക്ക് വൻ തുക കോഴ നൽകാൻ ശ്രമിച്ച സംഭവത്തിൽ 39 വയസ്സുകാരനായ ചൈനീസ് പൗരൻ അറസ്റ്റിലായി. ‘ഓപ്പറേഷൻ യാങ്കി ബോർഡർലാൻഡ്സ്’ (Operation Yankee Borderlands) എന്ന പേരിലുള്ള സംയുക്ത അന്വേഷണത്തിലാണ് ബ്രിസ്ബേനിൽ നടന്ന കൈക്കൂലി വിവരങ്ങൾ പുറത്തുവന്നത്.

കഴിഞ്ഞ ജൂലൈ 9-ന് ബ്രിസ്ബേനിലെ ക്യാമ്പ് ഹില്ലിൽ നടന്ന ബിസിനസ്സ് മീറ്റിംഗിനിടെയാണ് കേസിനാസ്പ ദമായ സംഭവം. തൻ്റെ ബിസിനസ്സ് നേട്ടങ്ങൾക്കായി ഒരു കോമൺവെൽത്ത് പബ്ലിക് ഒഫീഷ്യലിന് പ്രതി കോഴ നൽകാൻ ശ്രമിക്കുകയായിരുന്നു. മീറ്റിംഗിനിടെ ഉദ്യോഗസ്ഥയ്ക്ക് പ്രതി ഒരു ചായപ്പൊടിക്കവർ സമ്മാനമായി നൽകി. എന്നാൽ പിന്നീട് പരിശോധിച്ചപ്പോഴാണ് ഇതിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 20,000 ഡോളർ പണമായി കണ്ടെത്തിയത്.

സംഭവത്തെക്കുറിച്ച് ഉദ്യോഗസ്ഥ ഉടൻ തന്നെ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് അപ്പർ മൗണ്ട് ഗ്രാവാട്ട് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് പ്രത്യേക അന്വേഷണം ആരംഭിച്ചു. രാജ്യത്തിന് പുറത്തേക്ക് കടക്കാൻ ശ്രമിക്കുന്ന തിനിടെ ജൂലൈ 24-ന് സിഡ്‌നി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് ഇയാളെ അന്വേഷണസംഘം നാടകീയമായി അറസ്റ്റ് ചെയ്തത്. തുടർന്ന് ശനിയാഴ്ച പ്രതിയെ ന്യൂ സൗത്ത് വെയിൽസിൽ നിന്നും കർശന കാവലിൽ ക്വീൻസ്‌ലാൻഡിലേക്ക് നാടുകടത്തി.

ക്വീൻസ്‌ലാൻഡ് പോലീസ് സർവീസ്, ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ്, നാഷണൽ ആൻ്റി കറപ്ഷൻ കമ്മീഷൻ എന്നിവർ സംയുക്തമായാണ് ഈ കേസ് അന്വേഷിച്ചത്. കോമൺവെൽത്ത് ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ ശ്രമിക്കുന്ന ഇത്തരം കുറ്റകൃത്യങ്ങളെ രാജ്യം എത്ര ഗൗരവത്തോടെയാണ് കാണുന്നത് എന്നതിൻ്റെ തെളിവാണിത്. പ്രതിയെ ഇന്ന് ബ്രിസ്ബേൻ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *