കാൻബറ: ഗ്രീൻസ് സെനറ്റർ മെഹ്രീൻ ഫാറൂഖിക്കെതിരായ വംശീയ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ വൺ നേഷൻ പാർട്ടി നേതാവ് പോളിൻ ഹാൻസന് ഫെഡറൽ കോടതിയിൽ നിന്നും കനത്ത തിരിച്ചടി. സ്വന്തം നാടായ പാകിസ്ഥാനിലേക്ക് തിരികെ പോകാൻ ആവശ്യപ്പെട്ടുള്ള പോളിൻ ഹാൻസന്റെ വംശീയ പരാമർശത്തിനെതിരെ സമർപ്പിച്ച അപ്പീൽ ഫെഡറൽ കോടതി ഐകകണ്ഠ്യേന തള്ളി. ഓസ്ട്രേലിയയിലെ മുഴുവൻ പ്രവാസികൾക്കും കുടിയേറ്റക്കാർക്കും നേരെ നടക്കുന്ന ഇത്തരം വിദ്വേഷ പ്രസംഗങ്ങൾക്കെതിരെയുള്ള നിർണായക വിധിയാണിത്.
2022 സെപ്റ്റംബറിൽ എലിസബത്ത് രാജ്ഞിയുടെ വിയോഗവുമായി ബന്ധപ്പെട്ട് മെഹ്രീൻ ഫാറൂഖി നടത്തിയ രാഷ്ട്രീയ പരാമർശത്തോടുള്ള പ്രതികരണമായാണ് പോളിൻ ഹാൻസൻ “പാകിസ്ഥാനിലേക്ക് തിരികെ പോകാൻ” ആവശ്യപ്പെട്ടത്. ഈ പരാമർശം ഓസ്ട്രേലിയയുടെ വംശീയ വിവേചന നിയമത്തിലെ സെക്ഷൻ 18സി (Section 18C) ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി 2024-ൽ ജസ്റ്റിസ് അംഗസ് സ്റ്റുവർട്ട് വിധി പുറപ്പെടുവിച്ചിരുന്നു.
എന്നാൽ ഈ വിധിക്കെതിരെ അഭിപ്രായ സ്വാതന്ത്ര്യം ചൂണ്ടിക്കാട്ടി പോളിൻ ഹാൻസൻ സമർപ്പിച്ച അപ്പീലാണ് ജസ്റ്റിസുമാരായ മെലിസ പെറി, ജെഫ്രി കെന്നറ്റ്, എലിസബത്ത് ബെന്നറ്റ് എന്നിവരടങ്ങിയ ഫുൾ ബെഞ്ച് ഇപ്പോൾ തള്ളിയത്. രാഷ്ട്രീയ ആശയവിനിമയത്തിന്റെ പേരിലുള്ള അഭിപ്രായ സ്വാതന്ത്ര്യമായി ഇത്തരം വംശീയ അധിക്ഷേപങ്ങളെ ന്യായീകരിക്കാനാകില്ലെന്ന് കോടതി കൃത്യമായി വ്യക്തമാക്കി.
വംശീയത, നിറം, കുടിയേറ്റ പശ്ചാത്തലം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനങ്ങൾ ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് ഈ കേസ് അടിവരയിടുന്നു. ഈ സുപ്രധാന വിധി തനിക്ക് മാത്രമല്ല, സ്വന്തം നാട്ടിലേക്ക് തിരികെ പോകാൻ എന്ന് എപ്പോഴെങ്കിലും കേൾക്കേണ്ടി വന്ന മുഴുവൻ കുടിയേറ്റക്കാർക്കുമുള്ള വലിയൊരു വിജയമാണെന്ന് കോടതിക്ക് പുറത്ത് മെഹ്രീൻ ഫാറൂഖി പ്രതികരിച്ചു. ഓസ്ട്രേലിയയിൽ വർദ്ധിച്ചുവരുന്ന വംശീയതക്കും ഇസ്ലാമോഫോബിയക്കും എതിരെയുള്ള സുപ്രധാന കാൽവെപ്പാണിതെന്ന് റേസ് ഡിസ്ക്രിമിനേഷൻ കമ്മീഷണറും വ്യക്തമാക്കി.
അതേസമയം, വിധിയിൽ തനിക്ക് കടുത്ത നിരാശയുണ്ടെന്ന് വ്യക്തമാക്കിയ പോളിൻ ഹാൻസൻ, വിഷയത്തിൽ ഭരണഘടനാപരമായ അവകാശങ്ങൾ ഉന്നയിച്ച് ഹൈക്കോടതിയെ സമീപിക്കാൻ സാധ്യതയുണ്ടെന്നും സൂചന നൽകിയിട്ടുണ്ട്. കുടിയേറ്റ സമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ കോടതിയുടെ ഈ കർശന നിലപാട് വരും നാളുകളിൽ ഓസ്ട്രേലിയൻ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കും.

