ന്യൂയോർക്ക്: ഹോളിവുഡ് താരം ബ്ലെയ്ക്ക് ലൈവ്‌ലിയും നടനും സംവിധായകനുമായ ജസ്റ്റിൻ ബാൽഡോണിയും തമ്മിൽ ‘ഇറ്റ് എൻഡ്‌സ് വിത്ത് അസ്’ (It Ends With Us) എന്ന സിനിമയുടെ ചിത്രീകരണ വേളയിലുണ്ടായ തർക്കങ്ങളെത്തുടർന്നുള്ള നിയമപോരാട്ടം ഒത്തുതീർപ്പാക്കി. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിചാരണയ്ക്ക് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെയാണ് തിങ്കളാഴ്ച ഇരുഭാഗത്തെയും അഭിഭാഷകർ സംയുക്ത പ്രസ്താവനയിലൂടെ ഒത്തുതീർപ്പ് വിവരം പുറത്തുവിട്ടത്.
ഗാർഹിക പീഡനത്തെ അതിജീവിച്ചവർക്കായി അവബോധം സൃഷ്ടിക്കാൻ ലക്ഷ്യമിട്ട ഈ ചിത്രം തങ്ങളുടെ അഭിമാനമാണെന്ന് പ്രസ്താവനയിൽ പറയുന്നു. നിർമ്മാണ വേളയിൽ വെല്ലുവിളികൾ ഉണ്ടായതായും ബ്ലെയ്ക്ക് ലൈവ്‌ലി ഉന്നയിച്ച ആശങ്കകൾ കേൾക്കേണ്ടതായിരുന്നുവെന്നും ബാൽഡോണിയുടെ പ്രതിനിധികൾ സമ്മതിച്ചു. തൊഴിലിടങ്ങൾ സുരക്ഷിതവും ഉൽപ്പാദനക്ഷമവുമായിരിക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായും ഇതോടെ വിവാദങ്ങൾക്ക് അറുതിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഇരുപക്ഷവും വ്യക്തമാക്കി. എന്നാൽ ഒത്തുതീർപ്പ് വ്യവസ്ഥകൾ പരസ്യപ്പെടുത്തിയിട്ടില്ല.
2024 ഡിസംബറിലാണ് ജസ്റ്റിൻ ബാൽഡോണിക്കെതിരെ ലൈവ്‌ലി ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്. സിനിമയുടെ ചിത്രീകരണത്തിനിടെ ബാൽഡോണി ലൈംഗികാതിക്രമം നടത്തിയെന്നും ശത്രുതാപരമായ തൊഴിലന്തരീക്ഷം സൃഷ്ടിച്ചെന്നുമായിരുന്നു ആരോപണം. തിരക്കഥയിൽ ഇല്ലാത്ത ലൈംഗിക ഭാഗങ്ങൾ ബാൽഡോണി ഉൾപ്പെടുത്തിയെന്നും ഇതിനെതിരെ പ്രതികരിച്ചപ്പോൾ തന്നെ നിശബ്ദയാക്കാൻ ശ്രമിച്ചെന്നും ലൈവ്‌ലി പരാതിപ്പെട്ടിരുന്നു.
ഇതിനെതിരെ 400 മില്യൺ ഡോളറിന്റെ മാനനഷ്ടക്കേസുമായി ബാൽഡോണിയും രംഗത്തെത്തി. ലൈവ്‌ലിയും ഭർത്താവും നടനുമായ റയാൻ റെയ്നോൾഡ്സും ചേർന്ന് തന്റെ സൽപ്പേര് നശിപ്പിക്കാനും സിനിമയുടെ നിയന്ത്രണം കൈക്കലാക്കാനും ശ്രമിച്ചെന്നായിരുന്നു ബാൽഡോണിയുടെ ആരോപണം. എന്നാൽ കോടതി ഇടപെടലുകളിലൂടെ ഇരുഭാഗത്തിന്റെയും പല പരാതികളും നേരത്തെ തള്ളിയിരുന്നു. കരാർ ലംഘനം ഉൾപ്പെടെയുള്ള ചുരുക്കം ചില പരാതികൾ വിചാരണയ്ക്ക് തയ്യാറെടുക്കവെയാണ് ഇപ്പോൾ നാടകീയമായ ഒത്തുതീർപ്പുണ്ടായിരിക്കുന്നത്.

