യഹൂദർക്കെതിരായ അതിക്രമങ്ങൾ; പരാതി പിൻവലിക്കാൻ ഓസ്‌ട്രേലിയൻ പോലീസ് സമ്മർദ്ദം ചെലുത്തിയെന്ന് വെളിപ്പെടുത്തൽ

സിഡ്‌നി: ഓസ്‌ട്രേലിയയിൽ യഹൂദർ നേരിടുന്ന വിവേചനത്തെക്കുറിച്ച് അന്വേഷിക്കുന്ന റോയൽ കമ്മീഷന് മുൻപാകെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യഹൂദ വംശജനായ നിർ ഗോലൻ. തനിക്ക് നേരെ വധഭീഷണിയും വംശീയാധിക്ഷേപവും നടത്തിയ വ്യക്തിക്കെതിരെയുള്ള പരാതി, അന്വേഷണം ‘സമയനഷ്ടം’ ആണെന്ന് പറഞ്ഞ് പിൻവലിക്കാൻ ന്യൂ സൗത്ത് വെയിൽസ് പോലീസ് നിർബന്ധിച്ചതായി അദ്ദേഹം മൊഴി നൽകി.

2023 ഒക്ടോബറിൽ ബോണ്ടി ജംഗ്ഷനിലൂടെ നടന്നുപോകുമ്പോൾ സൈനിക വേഷം ധരിച്ച ഒരാൾ തന്നെ തടഞ്ഞുനിർത്തുകയും ‘വൃത്തികെട്ട യഹൂദൻ’ എന്ന് വിളിക്കുകയും ചെയ്തതായി ഗോലൻ പറഞ്ഞു. ഇയാൾ തനിക്ക് നേരെ നാസി അഭിവാദ്യം (Nazi salute) നടത്തുകയും തലയ്ക്ക് നേരെ വിരൽ ചൂണ്ടി തോക്കിന്റെ ആകൃതി കാട്ടി വധഭീഷണി മുഴക്കുകയും ചെയ്തു. ഇത് ഫോണിൽ പകർത്താൻ ശ്രമിച്ചപ്പോൾ അയാൾ അക്രമാസക്തനായി. തന്നെ സഹായിക്കാൻ ശ്രമിച്ച ഒരു വിദേശ സഞ്ചാരിക്ക് ക്രൂരമായി മർദ്ദനമേറ്റതായും എന്നാൽ ആരും സഹായത്തിനെത്തിയില്ലെന്നും ഗോലൻ വികാരാധീതനായി പറഞ്ഞു.

സംഭവത്തിൽ പോലീസിൽ പരാതി നൽകിയെങ്കിലും, അന്ന് നാസി അഭിവാദ്യം നിയമവിരുദ്ധമല്ലെന്നും സിസിടിവി ദൃശ്യങ്ങളിൽ ശബ്ദം ലഭ്യമല്ലാത്തതിനാൽ കേസ് കോടതി തള്ളിക്കളയുമെന്നും പോലീസ് മറുപടി നൽകി. കേസ് അന്വേഷിക്കുന്നത് വെറുതെ സമയം പാഴാക്കലാണെന്നും അതിനാൽ പരാതി പിൻവലിക്കണമെന്നും പോലീസ് ഉപദേശിച്ചതായി അദ്ദേഹം കമ്മീഷനെ അറിയിച്ചു.

ഇസ്രായേൽ ഗവൺമെന്റിന്റെ നടപടികൾക്ക് ഓസ്‌ട്രേലിയയിലെ യഹൂദ സമൂഹത്തെ ഉത്തരവാദികളായി കാണുന്ന പ്രവണത രാജ്യത്ത് വർദ്ധിച്ചുവരുന്നതായി കമ്മീഷന് മുൻപാകെ മറ്റ് സാക്ഷികളും മൊഴി നൽകി. സ്‌കൂളുകളിൽ യഹൂദ കുട്ടികൾ വലിയ തോതിലുള്ള അധിക്ഷേപവും ഭീഷണിയും നേരിടുന്നുണ്ട്. കഴിഞ്ഞ ഡിസംബറിൽ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 15 പേർ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് ഓസ്‌ട്രേലിയയിൽ യഹൂദ വിരുദ്ധതയെക്കുറിച്ച് അന്വേഷിക്കാൻ റോയൽ കമ്മീഷനെ നിയമിച്ചത്. യഹൂദ വിരുദ്ധത ഇപ്പോൾ ഓസ്‌ട്രേലിയയിൽ സാധാരണമായി മാറിയിരിക്കുകയാണെന്നും ജനങ്ങൾക്കിടയിലെ ഭീതി വർദ്ധിച്ചതായും കമ്മീഷൻ നിരീക്ഷിച്ചു

Leave a Reply

Your email address will not be published. Required fields are marked *