തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് ചർച്ച കടുപ്പിക്കുന്നതിനിടെ വി.ഡി. സതീശൻ മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുക്കില്ലെന്ന കടുത്ത നിലപാട് സ്വീകരിച്ചതായി റിപ്പോർട്ട്. തന്നെ മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ മറ്റൊരു സ്ഥാനവും വേണ്ടെന്ന നിലപാട് അദ്ദേഹം എഐസിസി നിരീക്ഷകരെ അറിയിച്ചതായും സൂചനയുണ്ട്. എംഎൽഎമാരുടെ എണ്ണം മാത്രം മാനദണ്ഡമാക്കാതെ എല്ലാ ഘടകങ്ങളും പരിഗണിച്ചായിരിക്കണം തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ഉയർത്തി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എഐസിസി നിരീക്ഷകർക്ക് കത്ത് നൽകിയതായും റിപ്പോർട്ടുണ്ട്. വേണുഗോപാൽ വിഭാഗം 47 എംഎൽഎമാരുടെ പിന്തുണ അവകാശപ്പെടുമ്പോൾ, 16 എംഎൽഎമാരുടെ പിന്തുണ തനിക്കുണ്ടെന്ന് രമേശ് ചെന്നിത്തല നേതൃത്വത്തെ അറിയിച്ചതായും വിവരമുണ്ട്.
കെപിസിസി ആസ്ഥാനത്ത് എഐസിസി നിരീക്ഷകരായ അജയ് മാകൻ, മുകുൾ വാസ്‌നിക് എന്നിവർ 63 എംഎൽഎമാരെയും വ്യക്തിഗതമായും കൂട്ടമായും കാണും. തുടർന്ന് ഘടകകക്ഷി നേതാക്കളുമായും ചർച്ച നടത്തും. ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര നേതൃത്വത്തിന് റിപ്പോർട്ട് കൈമാറും. ഞായറാഴ്ചയ്ക്കകം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് സാധ്യതയെന്നാണ് റിപ്പോർട്ട്.

