തോൽക്കുമെന്ന് അറിഞ്ഞിട്ടും മത്സരിപ്പിച്ചു; സിപിഎമ്മിൽ അതൃപ്തി അറിയിച്ച് കെ.കെ. ഷൈലജ

തിരുവനന്തപുരം: പേരാവൂരിൽ മത്സരിപ്പിച്ചതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി കെ.കെ. ഷൈലജ. മത്സരിക്കാൻ താത്പര്യമില്ലാതിരുന്നിട്ടും നിർബന്ധിച്ച് മത്സരിപ്പിച്ചുവെന്നും തോൽക്കുമെന്ന് എല്ലാവർക്കും അറിയാമായിരുന്നുവെന്നും കഴിഞ്ഞ ദിവസം നടന്ന സെക്രട്ടേറിയറ്റ് യോഗത്തിൽ ഷൈലജ വ്യക്തമാക്കിയതായാണ് റിപ്പോർട്ട്.

ഇത്തവണ പേരാവൂരിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെതിരെയാണ് കെ.കെ. ഷൈലജ മത്സരിച്ചത്. 14,453 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സണ്ണി ജോസഫ് വിജയിച്ചത്. കഴിഞ്ഞ തവണ മട്ടന്നൂരിൽ നിന്ന് റെക്കോർഡ് ഭൂരിപക്ഷത്തോടെ വിജയിച്ച ഷൈലജയെ മണ്ഡലം മാറ്റിയാണ് പേരാവൂരിൽ മത്സരിപ്പിച്ചത്. കെപിസിസി പ്രസിഡന്റിനെ പരാജയപ്പെടുത്തി മണ്ഡലം പിടിച്ചെടുക്കണമെങ്കിൽ ഷൈലജ തന്നെ മത്സരിക്കണമെന്ന പാർട്ടി തീരുമാനത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്നും റിപ്പോർട്ടിൽ പറയുന്നു.

പാർലമെന്ററി ജനാധിപത്യത്തിൽ താത്കാലികമായി താത്പര്യമില്ലെന്നും പാർട്ടി പ്രവർത്തന രംഗത്ത് സജീവമാകാനാണ് ആഗ്രഹമെന്നും ഷൈലജ മുൻപ് നേതൃത്വത്തെ അറിയിച്ചിരുന്നതായും റിപ്പോർട്ടിലുണ്ട്. എന്നാൽ മത്സരരംഗത്ത് നിന്ന് മാറിനിന്നാൽ ഷൈലജയ്ക്ക് സീറ്റ് നിഷേധിച്ചുവെന്ന പ്രതീതി സംസ്ഥാനതലത്തിൽ ഉണ്ടാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പാർട്ടി മത്സരിക്കാൻ സമ്മതിപ്പിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *