തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള കോൺഗ്രസിലെ ചർച്ചകൾ തുടരുന്നതിനിടെ നിയമസഭാകക്ഷിയോഗം ചേർന്ന് മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം ഹൈക്കമാൻഡിന് വിട്ടുകൊടുത്ത് പ്രമേയം പാസാക്കി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അവതരിപ്പിച്ച പ്രമേയം യോഗം ഏകകണ്ഠമായി അംഗീകരിച്ചു.
യോഗത്തിന് മുൻപായി എഐസിസി നിരീക്ഷകരായ അജയ് മാകൻ, മുകുൾ വാസ്നിക് എന്നിവർ എംപിമാരുമായി ചർച്ച നടത്തി. കെ.സി. വേണുഗോപാലിനെ പിന്തുണച്ച് കെ. സുധാകരൻ, ബെന്നി ബെഹനാൻ, കൊടിക്കുന്നിൽ സുരേഷ്, എം.കെ. രാഘവൻ എന്നിവർ രംഗത്തെത്തി. അതേസമയം ഹൈബി ഈഡൻ വി.ഡി. സതീശനെ പിന്തുണച്ചു. കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് കെ. സുധാകരൻ നിരീക്ഷകർക്ക് കത്തും നൽകിയതായി റിപ്പോർട്ടിൽ പറയുന്നു.
മുഖ്യമന്ത്രി ചർച്ചയിൽ 47 എംഎൽഎമാരുടെ പിന്തുണ ഉറപ്പാണെന്നാണ് കെ.സി. വിഭാഗത്തിന്റെ അവകാശവാദം. 16 എംഎൽഎമാർ പിന്തുണയ്ക്കുമെന്നാണ് രമേശ് ചെന്നിത്തലയുടെ പ്രതീക്ഷ. ഒമ്പത് എംഎൽഎമാർ ഒപ്പമുണ്ടെന്നാണ് വി.ഡി. സതീശൻ പക്ഷത്തിന്റെ വിലയിരുത്തൽ. ഞായറാഴ്ചയോടെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്ന സൂചനയും റിപ്പോർട്ടിലുണ്ട്.
തിരുവനന്തപുരത്തെ താജ് ഹോട്ടലിൽ തങ്ങിയിരിക്കുന്ന നിരീക്ഷകർ വിവിധ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് ഘടകകക്ഷി നേതാക്കളുമായും ചർച്ച നടത്തും. നിരീക്ഷകർ ഡൽഹിയിൽ മടങ്ങിയെത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനം പ്രഖ്യാപിക്കുക. മന്ത്രിസഭ രൂപീകരണത്തിലും ഹൈക്കമാൻഡിന്റെ കർശന മേൽനോട്ടമുണ്ടാകുമെന്നാണ് റിപ്പോർട്ട്. മെറിറ്റിനെ മാത്രം അടിസ്ഥാനമാക്കി മന്ത്രിമാരെ തീരുമാനിക്കണമെന്നും ഗ്രൂപ്പ് താൽപര്യങ്ങൾ പരിഗണിക്കരുതെന്നും രാഹുൽ ഗാന്ധി നിർദ്ദേശിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

