ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ സ്ത്രീസുരക്ഷ ശക്തിപ്പെടുത്തുന്നതിനായി പ്രത്യേക സുരക്ഷാസേന രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ചു. അധികാരമേറ്റ് ഉടൻ ഒപ്പുവെച്ച ആദ്യ ഫയലുകളിലൊന്നാണ് സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രത്യേക സ്ക്വാഡ് രൂപീകരണവുമായി ബന്ധപ്പെട്ടത്.
മയക്കുമരുന്ന് വ്യാപനം തടയുന്നതിനും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ചെറുക്കുന്നതിനുമായി പ്രത്യേക ടാസ്ക് ഫോഴ്‌സ് രൂപീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. തെരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടികളെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം നടത്തിയ ആദ്യ പ്രസംഗത്തിൽ “യഥാർത്ഥ മതനിരപേക്ഷ സാമൂഹ്യനീതിയുടെ പുതിയ കാലഘട്ടമാണ് ആരംഭിക്കുന്നത്” എന്ന് വിജയ് പറഞ്ഞു. ജനങ്ങളെ വ്യാജവാഗ്ദാനങ്ങളിലൂടെ വഞ്ചിക്കില്ലെന്നും സർക്കാർ പ്രവർത്തനങ്ങൾക്ക് സമയം നൽകണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
സ്ത്രീസുരക്ഷ, മയക്കുമരുന്ന് നിയന്ത്രണം, 200 യൂണിറ്റ് സൗജന്യ വൈദ്യുതി വിതരണം എന്നിവ ഉൾപ്പെടെയുള്ള തീരുമാനങ്ങളോടെയാണ് പുതിയ സർക്കാർ പ്രവർത്തനം ആരംഭിച്ചത്.

