ഗുവാഹത്തി: അസം മുഖ്യമന്ത്രിയായി ഹിമാന്ത ബിശ്വ ശർമ വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. ബിജെപി നിയമസഭാകക്ഷിയുടെയും എൻഡിഎ നിയമസഭാകക്ഷിയുടെയും നേതാവായി അദ്ദേഹത്തെ ഏകകണ്ഠമായി തെരഞ്ഞെടുത്തതോടെയാണ് രണ്ടാംതവണയും മുഖ്യമന്ത്രിപദത്തിലേക്കുള്ള വഴി തെളിഞ്ഞത്. സത്യപ്രതിജ്ഞ ചടങ്ങ് മേയ് 12ന് ഗുവാഹത്തിയിൽ നടക്കും.
അസം നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയ്ക്ക് തുടർച്ചയായ മൂന്നാംവിജയമാണ് ലഭിച്ചത്. തെരഞ്ഞെടുപ്പിൽ സഖ്യം വ്യക്തമായ ഭൂരിപക്ഷം നേടിയതിനെ തുടർന്ന് പുതിയ സർക്കാർ രൂപീകരണ നടപടികൾ വേഗത്തിലാക്കി.
സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരടക്കമുള്ള ദേശീയ നേതാക്കൾ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചു.
2021ൽ ആദ്യമായി അസം മുഖ്യമന്ത്രിയായ ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിലാണ് ബിജെപി സംസ്ഥാനത്ത് രാഷ്ട്രീയ ആധിപത്യം ശക്തിപ്പെടുത്തിയത്. 2026ലെ തിരഞ്ഞെടുപ്പിലും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ബിജെപി വിജയതുടർച്ച നിലനിർത്തുകയായിരുന്നു.

