ഹോർമുസ് കടലിടുക്കിൽ ദക്ഷിണ കൊറിയൻ ചരക്കുകപ്പലിന് നേരെ ആക്രമണം നടന്നതായി ദക്ഷിണ കൊറിയൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പനാമ പതാകയിൽ സർവീസ് നടത്തുന്ന എച്ച്എംഎം നാമു (HMM Namu) എന്ന ബൾക്ക് കാരിയറിന്റെ പിൻഭാഗത്ത് രണ്ട് ദുരൂഹ വസ്തുക്കൾ പതിച്ചതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
മേയ് 4-ന് യുഎഇ തീരത്തിന് സമീപം നങ്കൂരമിട്ടിരിക്കെയായിരുന്നു സംഭവം. ആക്രമണത്തിന് പിന്നാലെ കപ്പലിൽ തീപിടിത്തവും പുകയും ഉയർന്നെങ്കിലും 24 ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ദക്ഷിണ കൊറിയൻ സംഘത്തിന്റെ സ്ഥലപരിശോധനയ്ക്കു ശേഷമാണ് ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.
“അജ്ഞാത ആകാശവസ്തുക്കൾ” ഏകദേശം ഒരു മിനിറ്റിന്റെ വ്യത്യാസത്തിൽ കപ്പലിൽ പതിച്ചെന്നാണ് ദക്ഷിണ കൊറിയൻ വിദേശകാര്യ മന്ത്രാലയ വക്താവ് പാർക്ക് ഇൽ വ്യക്തമാക്കിയത്. സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ ഹോർമുസ് കടലിടുക്കിൽ ഇറാൻ–അമേരിക്ക സംഘർഷം ശക്തമായ സാഹചര്യത്തിലാണ് ആക്രമണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ലോകത്തെ പ്രധാന എണ്ണക്കപ്പൽ പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിൽ അടുത്തിടെയായി നിരവധി കപ്പലുകൾക്ക് നേരെ ആക്രമണങ്ങൾ നടന്നിരുന്നു. മേഖലയിലെ സംഘർഷാവസ്ഥ ആഗോള ഊർജ വിപണിയിലും കപ്പൽഗതാഗത മേഖലയിലും ആശങ്ക ഉയർത്തുന്നുണ്ട്.

