അമേരിക്കൻ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (FBI) ഡയറക്ടറായ കാഷ് പട്ടേൽ വീണ്ടും വിവാദത്തിൽ. എഫ്ബിഐ ജീവനക്കാർക്കും ഔദ്യോഗിക ബന്ധമുള്ള വ്യക്തികൾക്കും സ്വന്തം പേരും എഫ്ബിഐ ചിഹ്നവും പതിപ്പിച്ച മദ്യക്കുപ്പികൾ സമ്മാനിച്ചതാണ് പുതിയ വിവാദത്തിന് കാരണം.
അമേരിക്കൻ മാധ്യമമായ ദി അറ്റ്ലാൻ്റിക് പുറത്തുവിട്ട റിപ്പോർട്ടിലാണ് ആരോപണം ഉയർന്നത്. കെന്റക്കി ആസ്ഥാനമായ വുഡ്‌ഫോർഡ് റിസർവ് ബർബൺ വിസ്കി കുപ്പികളിൽ “Kash Patel FBI Director” എന്ന എഴുത്തും എഫ്ബിഐയുടെ ചിഹ്നവും പതിപ്പിച്ചിരുന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്. ഔദ്യോഗിക യാത്രകളിലും വിവിധ ചടങ്ങുകളിലും പട്ടേൽ ഈ കുപ്പികൾ വിതരണം ചെയ്തതായി റിപ്പോർട്ടിൽ ആരോപിക്കുന്നു.
അതേസമയം ആരോപണങ്ങൾ എഫ്ബിഐ തള്ളി. ഇത്തരത്തിലുള്ള സ്മാരക സമ്മാനങ്ങൾ കൈമാറുന്നത് എഫ്ബിഐയിൽ വർഷങ്ങളായി തുടരുന്ന പതിവാണെന്നും പട്ടേൽ എല്ലാ നൈതിക ചട്ടങ്ങളും പാലിച്ചിട്ടുണ്ടെന്നും എഫ്ബിഐ അസിസ്റ്റന്റ് ഡയറക്ടർ ബെൻ വില്യംസൺ വ്യക്തമാക്കി. വ്യക്തിപരമായ സമ്മാനങ്ങൾക്ക് ചെലവായ തുക പട്ടേൽ തന്നെ നൽകിയതായും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസം കാഷ് പട്ടേലിന്റെ മദ്യപാനശീലം സംബന്ധിച്ച ആരോപണങ്ങളും അമേരിക്കൻ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. അമിത മദ്യപാനവും ഔദ്യോഗിക ചുമതലകളിൽ നിന്നുള്ള അപ്രത്യക്ഷതയും ദേശീയ സുരക്ഷയെ ബാധിക്കുമെന്ന റിപ്പോർട്ടുകൾ അദ്ദേഹം നിഷേധിക്കുകയും ബന്ധപ്പെട്ട മാധ്യമങ്ങൾക്കെതിരെ മാനനഷ്ടക്കേസ് നൽകുകയും ചെയ്തിരുന്നു.

