ലഹരിക്കടിമയായ യുവാവിനെ കൊല്ലാൻ കുടുംബത്തിന്റെ ക്വട്ടേഷൻ; അമ്മയുടെ സ്വർണം പണയപ്പെടുത്തി പണം കണ്ടെത്തി

ഉത്തർപ്രദേശിലെ അംരോഹ ജില്ലയിൽ ലഹരിക്കടിമയായ യുവാവിനെ വാടകക്കൊലയാളിയെ ഏർപ്പെടുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ കുടുംബാംഗങ്ങൾക്കെതിരെ പൊലീസ് നടപടി. ദുഷ്യന്ത് എന്ന യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിതാവിനെയും സഹോദരനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

ദിദോലി കോട്‌വാലി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഷാംപുർ ഗ്രാമത്തിലെ കനാലിന് സമീപത്തുനിന്നാണ് കഴിഞ്ഞ ദിവസം ദുഷ്യന്തിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന് പിന്നിൽ കുടുംബാംഗങ്ങളാണെന്ന വിവരം പുറത്തുവന്നത്.

ദീർഘകാലമായി മയക്കുമരുന്നിന് അടിമയായിരുന്ന ദുഷ്യന്ത് വീട്ടിലും നാട്ടിലും അക്രമാസക്തമായി പെരുമാറിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബന്ധുക്കളെ നിരന്തരം അസഭ്യം പറയുകയും ഉപദ്രവിക്കുകയും ചെയ്തതിനെ തുടർന്ന് കുടുംബം ജോളി എന്ന വാടകക്കൊലയാളിയെ സമീപിച്ച് അഞ്ച് ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ നൽകിയതായും അന്വേഷണത്തിൽ കണ്ടെത്തി. ഇതിനായുള്ള പണം ദുഷ്യന്തിന്റെ അമ്മയുടെ സ്വർണം പണയപ്പെടുത്തി കണ്ടെത്തിയതായും പൊലീസ് വ്യക്തമാക്കി. കൊലപാതകത്തിന് മുൻപായി 55,000 രൂപ പ്രതിക്ക് കൈമാറിയതായും കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തിൽ പിതാവും സഹോദരനും ഗൂഢാലോചനയിൽ പങ്കാളികളാണെന്ന് സമ്മതിച്ചതായി പൊലീസ് അറിയിച്ചു. അതേസമയം മുഖ്യപ്രതിയായ വാടകക്കൊലയാളി ജോളിക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *