സിഡ്നി: ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ ഗൗൾബേണിന് തെക്കുള്ള ഗ്രാമീണ മേഖലയിൽ റോഡരികിൽ ഉപ ഉപേക്ഷിച്ച പെട്ടിയിൽ (സ്യൂട്ട്കേസ്) സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഞായറാഴ്ച ഉച്ചയ്ക്ക് 12.50 ഓടെ ഒല്ലനിലെ വോൾഗൺ റോഡിന് സമീപം ബോഡി കണ്ടെത്തിയതായി വിവര ലഭിച്ചതിനെ തുടർന്ന് എൻ.എസ്.ഡബ്ല്യു (NSW) പോലീസ് സ്ഥലത്തെത്തുകയായിരുന്നു.
ഗൗൾബേണിന് 40 കിലോമീറ്റർ തെക്കുള്ള വിജനമായ പ്രദേശത്ത് എത്തിയ പോലീസ് സംഘമാണ് പെട്ടിയ്ക്കുള്ളിൽ മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ടയാളെ ഔദ്യോഗികമായി തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും മൃതദേഹം സ്ത്രീയുടെതാണെന്നാണ് സംശയിക്കുന്നതെന്ന് പോലീസ് വക്താവ് ഞായറാഴ്ച രാത്രി അറിയിച്ചു.
സംഭവസ്ഥലം പോലീസ് പൂർണ്ണമായും നിരീക്ഷണത്തിലാക്കുകയും കൂടുതൽ ഫോറൻസിക് പരിശോധനകൾക്കായി പെട്ടി കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ ഡിറ്റക്ടീവുകളുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. മൃതദേഹത്തിന് എത്ര ദിവസത്തെ പഴക്കമുണ്ടെന്ന കാര്യം പോലീസ് തൽക്കാലം പുറത്തുവിട്ടിട്ടില്ല. കാൻബറയിൽ നിന്ന് 70 കിലോമീറ്റർ കിഴക്കും സിഡ്നിയിൽ നിന്ന് 180 കിലോമീറ്റർ തെക്കുപടിഞ്ഞാറുമായാണ് മൃതദേഹം കണ്ടെത്തിയ ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്.

