സിഡ്നി: ഒരു കൂറ്റൻ ബംഗ്ലാവിന്റെ മുറ്റത്തെ പുല്ല് വെട്ടാൻ എത്തിയ തോട്ടക്കാരൻ സംരക്ഷിത വനമേഖലയിലെ നൂറുകണക്കിന് മരങ്ങൾ വെട്ടിനശിപ്പിച്ച സംഭവത്തിൽ വൻ തുക പിഴ. 2023 അവസാനത്തോടെ ലോംഗ്‌വില്ലിലെ വുഡ്‌ഫോർഡ് ബേയിലുള്ള കൗൺസിലിന്റെ ഉടമസ്ഥതയിലുള്ള വനപ്രദേശത്ത് നിന്ന് 287 മരങ്ങൾ അനധികൃതമായി വെട്ടിനശിപ്പിച്ചതിന് യി വാങ് എന്നയാൾക്കാണ് കോടതി 1,87,500 ഡോളർ പിഴ ചുമത്തിയത്. മരങ്ങൾ വെട്ടുന്നതിനുള്ള പ്രതിഫലം ഒരു ഷൂവിലൊളിപ്പിച്ചാണ് ഇയാൾക്ക് നൽകിയിരുന്നത്.
ലുക്രേഷ്യ അവന്യൂവിലെ കടൽത്തീരത്തുള്ള വസ്തുവിന് സമീപമുള്ള 1,210 ചതുരശ്ര മീറ്റർ വനഭൂമി വെട്ടിത്തെളിക്കാൻ നേതൃത്വം നൽകിയതിന് ന്യൂ സൗത്ത് വെയിൽസ് ലാൻഡ് ആൻഡ് എൻവയോൺമെന്റ് കോടതി ജസ്റ്റിസ് റേച്ചൽ പെപ്പർ കഴിഞ്ഞ ആഴ്ചയാണ് വാങ്ങിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. അനധികൃതമായി മരങ്ങൾ വെട്ടിമാറ്റിയതുമായി ബന്ധപ്പെട്ട മൂന്ന് കുറ്റങ്ങൾ വാങ് കോടതിയിൽ സമ്മതിച്ചു. മൂങ്ങകൾ, മൈക്രോബാറ്റുകൾ തുടങ്ങിയ സംരക്ഷിതവും വംശനാശഭീഷണി നേരിടുന്നതുമായ മൃഗങ്ങളുടെ ആവാസവ്യവസ്ഥയാണ് ഇയാൾ നശിപ്പിച്ചതെന്നും ഇത് പഴയപടിയാകാൻ മൂന്ന് പതിറ്റാണ്ടിലേറെ സമയമെടുക്കുമെന്നും കോടതി നിരീക്ഷിച്ചു. ഇതിനുപുറമെ, ഒരു ആദിവാസി മിഡന് (Aboriginal midden) ലഭിച്ചിരുന്ന പ്രകൃതിദത്തമായ സംരക്ഷണവും മരങ്ങൾ വെട്ടിമാറ്റിയതിലൂടെ നഷ്ടമായതായി കോടതി വ്യക്തമാക്കി.
2014-ൽ 7.6 ദശലക്ഷം ഡോളറിന് വിറ്റുപോയ ലുക്രേഷ്യ അവന്യൂവിലെ ഈ പ്രദേശം ‘എക്സ്ക്ലൂസീവ് വാട്ടർഫ്രണ്ട്’ എന്ന പേരിലാണ് അറിയപ്പെടുന്നത്. എല്ലാ മുറികളിൽ നിന്നും കടൽത്തീരത്തെ കാഴ്ചകൾ കാണാൻ സാധിക്കുന്ന, സ്വകാര്യ ബീച്ചുള്ള ഈ ബംഗ്ലാവിന് ചുറ്റും സമൃദ്ധമായ വനമേഖലയാണുള്ളത്. സിഡ്നി ഗാർഡൻ ഹോമിന്റെ ഡയറക്ടറായ വാങ്ങിനെ 2023 നവംബറിലാണ് വനമേഖലയ്ക്ക് സമീപമുള്ള ബംഗ്ലാവുടമയുടെ രണ്ടാനമ്മയായ യാവോ വു പുല്ല് വെട്ടുന്ന ജോലികൾക്കായി നിയമിച്ചത്. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ പൊതുസ്ഥലത്തെ മരങ്ങൾ ഉൾപ്പെടെ വെട്ടിമാറ്റാൻ വു ആവശ്യപ്പെടുകയായിരുന്നു. ഇത് തന്റെ സ്വന്തം സ്ഥലമാണെന്ന് വു ആവർത്തിച്ച് പറഞ്ഞിരുന്നതായി വാങ് പിന്നീട് കോടതിയിൽ അവകാശപ്പെട്ടു.
തുടർന്ന് വാങ് ഒരു ചെയിൻസോ ഓപ്പറേറ്റർ ഉൾപ്പെടെയുള്ള തൊഴിലാളികളെ വാടകയ്‌ക്കെടുക്കുകയും 12 ദിവസത്തോളം സമയമെടുത്ത് മരങ്ങൾ വെട്ടിമാറ്റുകയുമായിരുന്നു. ജോലിയുടെ പുരോഗതി വിചാറ്റ് (WeChat) വഴി തന്റെ തൊഴിലുടമയെ നിരന്തരം അറിയിച്ചിരുന്ന വാങ്ങിന് പ്രതിഫലം പണമായി ബംഗ്ലാവിന് മുന്നിലെ ഒരു ഷൂവിലാണ് വച്ചിരുന്നത്.
പ്രദേശത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പാരിസ്ഥിതിക നശീകരണമായാണ് ലെയ്ൻ കോവ് കൗൺസിൽ ഈ സംഭവത്തെ വിശേഷിപ്പിച്ചത്. ഈ ക്രൂരമായ പ്രവൃത്തിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് മേയർ സ്കോട്ട് ബെന്നിസൺ ആവശ്യപ്പെട്ടു. മരങ്ങൾ വെട്ടിമാറ്റി കടൽത്തീരത്തെ കാഴ്ചകൾ കാണാൻ സൗകര്യമൊരുക്കിയ സ്ഥലത്ത് 2024 സെപ്റ്റംബറിൽ കൗൺസിൽ ഇരുവശങ്ങളിലുമുള്ള ഒരു കൂറ്റൻ ബാനർ സ്ഥാപിച്ചിരുന്നു. വെട്ടിനശിപ്പിച്ച മരങ്ങൾ തക്കതായ ഉയരത്തിൽ പഴയതുപോലെ വളരുന്നതുവരെ കാഴ്ചകൾ മറച്ചുകൊണ്ട് ഈ ബാനർ അവിടെത്തന്നെ നിലനിർത്തുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

