സിഡ്നി: ജീവനക്കാരുടെ കുറവ് മൂലം കടുത്ത പ്രതിസന്ധി നേരിടുന്ന ഓസ്ട്രേലിയയിലെ ഏറ്റവും തിരക്കേറിയ സിഡ്നി വിമാനത്താവളത്തിൽ രണ്ട് വിമാനങ്ങൾ കൂട്ടിയിടിക്കുന്നതിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഞായറാഴ്ച രാവിലെ 7 മണിയോടെ ടാക്സിവേയിലാണ് ജെറ്റ്സ്റ്റാർ, ഖത്തർ എയർവേസ് വിമാനങ്ങൾ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. എയർ ട്രാഫിക് കൺട്രോളിന്റെ നിർദ്ദേശങ്ങൾ പാലിച്ച് നീങ്ങുകയായിരുന്ന ജെറ്റ്സ്റ്റാർ വിമാനത്തിന്റെ പൈലറ്റ്, മറ്റൊരു വിമാനം തൊട്ടടുത്തെത്തിയതോടെ അതിവേഗം ബ്രേക്ക് ചെയ്യുകയായിരുന്നുവെന്ന് ജെറ്റ്സ്റ്റാർ വക്താവ് അറിയിച്ചു. സംഭവത്തിൽ കമ്പനി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഖത്തർ വിമാനത്തെ വലിച്ചുകൊണ്ടുപോയിരുന്ന ടഗ് വാഹനം നിർദ്ദേശങ്ങൾ പാലിക്കാത്തതാണ് അപകടകാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ സൂചനയുണ്ട്.
സംഭവത്തിൽ ഓസ്ട്രേലിയൻ ട്രാൻസ്പോർട്ട് സേഫ്റ്റി ബ്യൂറോ (എ.ടി.എസ്.ബി) ഔദ്യോഗിക അന്വേഷണം പ്രഖ്യാപിച്ചു. ഗോൾഡ് കോസ്റ്റിലേക്ക് പോകാനായി ടാക്സിവേയിലൂടെ നീങ്ങുകയായിരുന്ന ജെറ്റ്സ്റ്റാർ എ320 വിമാനവും, ടഗ് ഉപയോഗിച്ച് നീക്കുകയായിരുന്ന ഖത്തർ എയർവേസ് ബോയിംഗ് 777 വിമാനവും തമ്മിലാണ് കൂട്ടിയിടിക്കാൻ പോയതെന്ന് സുരക്ഷാ ബ്യൂറോ വ്യക്തമാക്കി. രണ്ട് വിമാനങ്ങളും പെട്ടെന്ന് നിർത്തിയതിനാൽ വലിയൊരു അപകടം ഒഴിവായി. എന്നാൽ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടർന്ന് ജെറ്റ്സ്റ്റാർ വിമാനത്തിലുണ്ടായിരുന്ന ഒരു കാബിൻ ക്രൂ അംഗത്തിന് പരിക്കേൽക്കുകയും, ഖത്തർ വിമാനത്തിന്റെ മുൻവശത്തെ ഗിയറും ടഗ്ഗും തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ഫ്ലൈറ്റ് ക്രൂ, ടഗ് ഓപ്പറേറ്റർമാർ, എയർ ട്രാഫിക് കൺട്രോളർമാർ, മറ്റ് ദൃക്‌സാക്ഷികൾ എന്നിവരെ ചോദ്യം ചെയ്യുമെന്നും സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
അപകടത്തിൽപ്പെട്ട ജെറ്റ്സ്റ്റാർ ജെക്യു402 (JQ402) വിമാനത്തിലെ യാത്രക്കാർക്കാർക്കും പരിക്കേറ്റിട്ടില്ല. പരിക്കേറ്റ ക്രൂ അംഗത്തിന് സംഭവസ്ഥലത്ത് തന്നെ വൈദ്യസഹായം നൽകി. ഈ വിമാനത്തിന്റെ യാത്ര റദ്ദാക്കുകയും യാത്രക്കാർക്ക് മറ്റ് വിമാനങ്ങളിൽ യാത്രാസൗകര്യമൊരുക്കുകയും ചെയ്തു. എയർ ട്രാഫിക് കൺട്രോൾ വിഭാഗത്തിൽ ജീവനക്കാരുടെ കുറവ് മൂലം ശനിയാഴ്ച സിഡ്നി വിമാനത്താവളത്തിൽ 150-ലധികം ഫ്ലൈറ്റുകൾ വൈകിയതിന് പിന്നാലെയാണ് ഈ സുരക്ഷാ വീഴ്ച ഉണ്ടായിരിക്കുന്നത്. ജീവനക്കാരുടെ കുറവ് കാരണം എയർ ട്രാഫിക് കൺട്രോളിന്റെ മേൽനോട്ടം വഹിക്കുന്ന എയർസർവീസസ് ഓസ്ട്രേലിയ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ എയർലൈനുകളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും അപകടത്തെക്കുറിച്ചുള്ള അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്നും എയർസർവീസസ് വ്യക്തമാക്കി. എന്നാൽ തുടർച്ചയായ മൂന്ന് ദിവസമായി മതിയായ ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിക്കാൻ എയർസർവീസസിന് കഴിഞ്ഞിട്ടില്ലെന്ന് എയർലൈൻസ് ഫോർ ഓസ്ട്രേലിയ ആൻഡ് ന്യൂസിലാൻഡ് ചീഫ് എക്സിക്യൂട്ടീവ് സ്റ്റീഫൻ ബെക്കറ്റ് കുറ്റപ്പെടുത്തി. പ്രശ്നത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തി പരിഹരിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു.

